Skip to main content

24 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക്  ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

 

   ജില്ലയിലെ 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറസിലൂടെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിലാവ്, ടേക്ക് എ ബ്രേക്ക് പ്രോജക്ട് എന്നിവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 18 ഗ്രാമ പഞ്ചായത്തുകളും നാലു ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു നഗരസഭകളും 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക്  അംഗീകാരം നേടി.  

പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങള്‍ രണ്ടു വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ചു വീതം മുനിസിപ്പാലിറ്റികളും ഏറ്റെടുത്തു നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാലിക്കണമെന്നു യോഗം നിര്‍ദേശിച്ചു.  വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത എല്ലാ പ്രൊജക്ടുകളും സമയബന്ധിതമായി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി.  

യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, ഡി.പി.സി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

 

date