Skip to main content

സേനാവിഭാഗങ്ങളിലെ ജീവത്യാഗം ചെയ്തവരെ ആദരിച്ച് പോലീസ്

 

പോലീസ് രക്തസാക്ഷിത്വം അനുസ്മരിച്ച പോലീസ്, വിവിധ സേനാവിഭാഗങ്ങളിലെ സേവനത്തിനിടയില്‍ ജീവത്യാഗം വരിച്ചവര്‍ക്ക് അവരുടെ വീടുകളിലെത്തി ആദരമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ടു 10 ദിവസം നീളുന്ന വിവിധ പരിപാടികളുടെ ഭാഗമായി  വീരചരമമടഞ്ഞവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നു എസ് എച്ച് ഒ മാരുടെ നേതൃത്വത്തില്‍ പോലീസെത്തി. പോലീസ് പതാക ദിനത്തോടനുബന്ധിച്ചു വീടുകളിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പതാകകള്‍ കുടുംബങ്ങള്‍ക്ക് കൈമാറുകയും അവരുടെ ക്ഷേമന്വേഷണം നടത്തുകയും സേവനങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനും നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനു മായിരുന്ന റോയിയുടെ വീട്ടില്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ പിള്ള, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ രതീഷ്, സുധീര്‍ തുടങ്ങിയവര്‍ എത്തി  ആദരമര്‍പ്പിച്ചു. വീരമൃത്യു വരിച്ച സൈനികന്‍ അനീഷ് ഫിലിപ്പിന്റെ ഫോട്ടോയില്‍ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുധിലാലിന്റെ നേതൃത്വത്തില്‍ ആദരമര്‍പ്പിക്കുകയും കുടുംബാംഗങ്ങള്‍ക്ക് പോലീസ് പതാക നല്‍കുകയും ചെയ്തു.

സിആര്‍പിഎഫ് ജവാനായിരുന്ന കൊന്നമങ്കര സ്വദേശി ബിനു, ആനയടി സ്വദേശി സഹദേവന്‍ എന്നിവരുടെ വീടുകളില്‍ അടൂര്‍ പോലീസെത്തി ആദരമര്‍പ്പിക്കുകയും പോലീസ് പതാക നല്‍കുകയും ചെയ്തു. കൊടുമണ്‍ പോലീസിന്റെ നേതൃത്വത്തില്‍ അരുണാചല്‍ പ്രദേശില്‍ ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ ഹരിദാസന്‍ നായരുടെ ഛായാ ചിത്രത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

അയിരൂര്‍ സ്വദേശി സിആര്‍പിഎഫ് സൈനികന്‍ അനൂപ് ജി നായരുടെ വീട്ടിലെത്തിയ കോയിപ്രം പോലീസ് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും കുടുംബാംഗങ്ങള്‍ക്ക് പോലീസ് പതാക കൈമാറുകയും ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ പ്രസാദ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ഹരീഷ്, പരശുറാം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ജനമൈത്രി പോലീസുദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തി എസ്എച്ച്ഒ മാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.

 

date