Skip to main content

ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ തെറാപ്പി ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ ഓണ്‍ലൈനിലൂടെ  നിര്‍വഹിച്ചു.  സംസ്ഥാനത്തെ  ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന്  മന്ത്രി പറഞ്ഞു.  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവാതെ വിഷമതകള്‍ നേരിടുന്ന ബഡ്സ്  പഠിതാക്കള്‍ക്ക്  ഓണ്‍ലൈന്‍ തെറാപ്പി ക്ലാസ്സുകള്‍ വലിയൊരു ആശ്വാസമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന  കുട്ടികളിലെ  സര്‍ഗശേഷി കണ്ടെത്തുന്നതിലൂടെ അവരെയും  മുഖ്യധാരയിലെത്തിക്കാന്‍ നമുക്ക് സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സാധ്യതകളും  ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

 സംസ്ഥാനത്തെ 293 ബഡ്‌സ്  സ്ഥാപനങ്ങളിലെ 9002 പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ തെറാപ്പി ക്ലാസ്സുകളുടെ പ്രയോജനം ലഭിക്കും.  കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു  കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംപോസിറ്റ് റീജിയണല്‍  സെന്റര്‍ ഫോര്‍ പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റീസ് (സി.ആര്‍.സി) സ്ഥാപനവുമായി ചേര്‍ന്നാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.  ഓരോ കുട്ടിയുടേയും നിലവിലുള്ള ആരോഗ്യസ്ഥിതി മനസ്സിലാക്കിയശേഷം രക്ഷിതാക്കള്‍ മുഖേനയാണ് തെറാപ്പികള്‍  നല്‍കുന്നത്. ഫിസിയോതെറാപ്പി, വൊക്കേഷനല്‍ തെറാപ്പി, സ്പീച്ച് ആന്‍ഡ് ഹിയറിങ് തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തുന്നത്.   വാട്‌സ്ആപ്പ്, ടെലിഫോണ്‍ മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിങ്ങനെ രക്ഷിതാക്കള്‍ക്കും കൂടി സൗകര്യപ്രദമായ മാധ്യമങ്ങളിലൂടെയാണ് ക്ലാസുകള്‍ നല്‍കുക.

പഴയകുന്നുമ്മേല്‍ ബി.ആര്‍.സി യില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ വിശിഷ്ടാതിഥിയായി.  സി. ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.    പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി, വൈസ് പ്രസിഡണ്ട് കെ. രാജേന്ദ്രന്‍, വാര്‍ഡ് അംഗം കെ.എസ്. ഷിബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു, ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപികമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
 

date