Skip to main content

നവരാത്രി ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്ന് ആരോഗ്യവകുപ്പ്

ജില്ലയിലെ കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകൾ, വിദ്യാരംഭം, സംഗീതക്കച്ചേരി തുടങ്ങിയവ സംഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
•    ചടങ്ങുകൾ പരമാവധി വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതം.

•    കണ്ടെയ്ൻമെൻ്റ് സോണുകളിൽ വീടിനു പുറത്ത് ആഘോഷം നടത്തരുത്.

•    പരമാവധി 40 പേർക്കു മാത്രമേ പ്രവേശനം നൽകാവൂ എന്ന സർക്കാർ ഉത്തരവ് നിർബദ്ധമായും പാലിക്കേണ്ടതാണ്.

 .പ്രവേശന കവാടത്തിൽ ആളുകൾ കൂട്ടം കൂടുന്നത് (5 പേരിൽ കൂടുതൽ ) ഒഴിവാക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണം. 

•    ചടങ്ങ് നടക്കുന്നിടത്ത് പനി നോക്കുന്നതിന് തെർമൽ സ്ക്രീനിംഗിനുള്ള സൗകര്യമൊരുക്കണം. രോഗലക്ഷണങ്ങളുള്ളവരെ ഒരു കാരണവശാലും അകത്ത് പ്രവേശിപ്പിക്കരുത്.

•    വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് 6 അടി ശാരീരിക അകലം പാലിക്കണം. തറയിൽ അടയാളമിട്ടോ വടം കെട്ടിയോ ശാരീരിക അകലപാലനം സംഘാടകർ ഉറപ്പുവരുത്തണം.

•    എല്ലാവരും നിർബന്ധമായും വായയും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിച്ചിരിക്കണം. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്.

•    കഴിവതും അനാവശ്യമായി എവിടെയും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

•    ഏതെങ്കിലും പ്രതലത്തിലോ വസ്തുവിലോ സ്പർശിച്ചാലുടൻ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കണം. ഇതിനുള്ള സജ്ജീകരണം സംഘാടകർ ഒരുക്കണം.

•    ഇടയ്ക്കിടെ ആളുകൾ സ്പർശിക്കുന്ന എല്ലാ പ്രതലങ്ങളും 1 %  ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.

•    വിദ്യാരംഭച്ചടങ്ങിൽ കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കാനുപയോഗിക്കുന്ന സ്വർണ്ണം ഉൾപ്പെടെയുള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പുനരുപയോഗം ഒരു കാരണവശാലും പാടില്ല. ഓരോ കുട്ടിയെയും എഴുതിക്കുന്നതിനു മുൻപ് കൈകൾ ശുചിയാക്കണം.

•    ചടങ്ങുകളിൽ സംബന്ധിക്കുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും നിർബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കണം.

•    സ്വയം നിരീക്ഷണം പരമപ്രധാനമാണ്. പനി, തൊണ്ടവേദന, ചുമ, അമിതമായ ക്ഷീണം, മണവും രുചിയും നഷ്ടപ്പെടൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ എവിടെയും സന്ദർശനത്തിന് മുതിരാതെ വീട്ടിൽത്തന്നെ കഴിയുകയും തൊട്ടടുത്ത സർക്കാർ ആരോഗ്യകേന്ദ്രവുമായോ 'ദിശ' ഹെൽപ്പ് ലൈനുമായോ (1056) ബന്ധപ്പെടുകയും വേണം.

date