Skip to main content

പയ്യന്നൂരിലും താനൂരിലും കെ.എസ്.എഫ്.ഡി.ഡി തീയറ്റർ സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം 27ന്

* മന്ത്രി എ.കെ. ബാലൻ നിർമാണോദ്ഘാടനം നിർവഹിക്കും
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പയ്യന്നൂരിലും താനൂരിലും നിർമ്മിക്കുന്ന തീയറ്റർ സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം 27ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
27ന് രാവിലെ 11ന് പയ്യന്നൂരിലെ സമുച്ചയത്തിന്റെയും വൈകുന്നേരം മൂന്നിന് താനൂരിലെ സമുച്ചയത്തിന്റെയും ഉദ്ഘാടനം നടക്കും.
പയ്യന്നൂരിലെയും താനൂരിലെയും സമുച്ചയങ്ങളിൽ രണ്ടു വീതം സ്‌ക്രീനുകളാണുള്ളത്. രണ്ടു തീയറ്റർ സമുച്ചയങ്ങളിലും 309 സീറ്റുകൾ വീതമാണുള്ളത്.
കെ.എസ്.എഫ്.ഡി.സിക്ക് ഇപ്പോൾ ആറു ജില്ലകളിലായി 17 സിനിമാ തീയറ്ററുകളും ഒരു പ്രിവ്യൂ തീയറ്ററും മൂന്നു സ്റ്റുഡിയോകളുമാണുള്ളത്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിപ്രകാരം കലാമൂല്യമുള്ള ചിത്രങ്ങൾ ഒരേ സമയം പ്രേക്ഷകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ആധുനികരീതിയിലുള്ള 100 സ്‌ക്രീനുകൾ നിർമിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരും താനൂരും പുതിയ തീയറ്ററുകൾ വരുന്നത്.
4 കെ- ത്രീഡി ഡിജിറ്റൽ പ്രൊജക്ഷൻ, മേൻമയേറിയ ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം, ജെ.ബി.എൽ സ്പീക്കർ, സിൽവർ സ്‌ക്രീൻ, ഇൻവെർട്ടർടൈപ്പ് ശീതികരണ സംവിധാനം, നിരീക്ഷണ ക്യാമറകൾ, വൈദ്യുതി തടസ്സം ഒഴിവാക്കാൻ ആധുനിക ജനറേറ്ററുകൾ, ഫയർ ഫൈറ്റിംഗ് സംവിധാനം, ആധുനിക രീതിയിലുള്ള ത്രീഡി സംവിധാനം, സൗകര്യപ്രദമായ സോഫാ പുഷ്ബാക്ക് ഇരിപ്പിടങ്ങൾ, എൽ.ഇ.ഡി ഡിസ്പ്ലേ, ആധുനിക ടോയ്ലെറ്റ് സൗകര്യം, ലിഫ്റ്റ് സംവിധാനം, ക്യാൻറീൻ, പാർക്കിംഗ് സൗകര്യം തുടങ്ങിയവ പുതിയ തീയറ്റർ സമുച്ചയങ്ങളിലുണ്ടാകും.
പയ്യന്നൂരിലെ ഉദ്ഘാടനചടങ്ങിൽ സി.കൃഷ്ണൻ എം.എൽ.എയും താനൂരിലെ ചടങ്ങിൽ വി. അബ്ദുറഹ്‌മാൻ എം.എൽ.എയും അധ്യക്ഷത വഹിക്കും. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, എം.ഡി എൻ. മായ തുടങ്ങിയവരും സംബന്ധിക്കും.
പി.എൻ.എക്സ്. 3690/2020

date