Skip to main content

കൈത്തറിയുടെ കഥ പറയാൻ പൈതൃക മന്ദിരവും മ്യൂസിയവും

*കണ്ണൂർ കൈത്തറി - പൈതൃക മന്ദിരത്തിന്റെ സമർപ്പണവും കൈത്തറി മ്യൂസിയം നിർമ്മാണോദ്ഘാടനവും ഇന്ന് (ഒക്‌ടോബർ 24)
കൈത്തറിയുമായി ബന്ധപ്പെട്ട് കണ്ണൂരിന്റെ പാരമ്പര്യവും പൈതൃകവും വെളിവാക്കുന്ന  പൈതൃക മന്ദിരത്തിന്റെ സമർപ്പണവും  കൈത്തറി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനവും ഇന്ന് (24.10.20) നടക്കും.  മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് ഹാൻവീവ് കെട്ടിടം. 1957 വരെ കണ്ണൂർ കലക്ട്രേറ്റ് പ്രവർത്തിച്ചിരുന്നതാണ് ഈ  പൈതൃക മന്ദിരത്തിലാണ്. 1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറുകയായിരുന്നു. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം സംരക്ഷിക്കാൻ തീരുമാനമായത്. സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചപ്പോൾ് ഏതാണ്ട് നാശോ•ുഖമായ അവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ പൈതൃക ഭാവങ്ങൾ അതേപടി നിലനിർത്തിയാണ് പുരാവസ്തു വകുപ്പ് സംരക്ഷിച്ചിട്ടുള്ളത്.  ശാസ്ത്രീയ സംരക്ഷണത്തിനായി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.  സംസ്ഥാന പുരാവസ്തു വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗമാണ് സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മേൽക്കൂര പൂർണ്ണമായും ബലപ്പെടുത്തി. ചോർച്ചകൾ പരിഹരിച്ച് പഴയ തറയോടുകൾ മികച്ച രീതിയിൽ സംരക്ഷിച്ചു. തടി കൊണ്ടുള്ള മച്ചുകൾ, ഗോവണികൾ എന്നിവ ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കി. 1980ൽ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങൾ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്.
കൈത്തറിയുടെ വികാസപരിണാമങ്ങളുടെ കഥ പറയുന്ന ഒരു മ്യൂസിയമാണ് ഇവിടെ രൂപം കൊള്ളുന്നത്. കണ്ണൂരിന്റെ തനത് പാരമ്പര്യമായ കൈത്തറിയുമായി ബന്ധപ്പെട്ട മ്യൂസിയം സജ്ജമാക്കുന്നതും പൈതൃക മന്ദിരത്തിലാണ്. മ്യൂസിയം വകുപ്പിന്റെ കീഴിലാണ് കൈത്തറി മ്യൂസിയം സ്ഥാപിക്കപ്പെടുന്നത്. പദ്ധതിക്കായി രണ്ട് കോടി പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി മൂന്നായിരത്തി അറുന്നൂറ്റി തൊണ്ണൂറ് രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സർക്കാർ നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് മ്യൂസിയം സജ്ജീകരണം നടത്തുന്നത്.
മ്യൂസിയങ്ങളെ അന്താരാഷ്ട്ര മ്യൂസിയം സങ്കല്പങ്ങൾക്കനുസരിച്ച് 'കഥപറയുന്ന മ്യൂസിയങ്ങൾ' അഥവാ തീമാറ്റിക്ക് ആക്കി മാറ്റുക എന്ന ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതിന്റെ ഭാഗമായാണ് മ്യൂസിയം വകുപ്പിൽ തന്നെ കൈത്തറി മ്യൂസിയത്തിനു പുറമെ ചന്തപ്പുരയിലെ തെയ്യം മ്യൂസിയവും പെരളശ്ശേരിയിൽ എ.കെ.ജി സ്മൃതി മ്യൂസിയവും പ്രഖ്യാപിക്കപ്പെട്ടത്.
  മ്യൂസിയം സജ്ജീകരണം ഉടൻ ആരംഭിച്ച് ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൈതൃക മന്ദിരവും ഇവിടെ സ്ഥാപിതമാകുന്ന കൈത്തറി മ്യൂസിയവും കണ്ണൂരിന്റെ ചരിത്രവും പാരമ്പര്യവും വെളിവാക്കുക മാത്രമല്ല ടൂറിസം ഭൂപടത്തിൽ പ്രമുഖ സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈത്തറി മ്യൂസിയം സജ്ജീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്(ഒക്ടോബർ 24)  വൈകിട്ട് നാലിന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും.  പുരാവസ്തു മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. എം.പിമാരായ കെ. സുധാകരൻ, കെ.കെ. രാഗേഷ്, മേയർ സി. സീനത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കളക്ടർ ടി.കെ. സുഭാഷ്, ഹാൻവീവ് ചെയർമാൻ കെ.പി. സഹദേവൻ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 3695/2020

date