Skip to main content

നവരാത്രി ആഘോഷം; മാനദണ്ഡങ്ങള്‍ പാലിക്കണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ നവരാത്രി ആഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ആള്‍ക്കൂട്ടമില്ലാതെ സുരക്ഷിതമായി വേണം ആഘോഷങ്ങള്‍.
ബൊമ്മക്കുലു ആഘോഷങ്ങളും വിദ്യാരംഭവും വീടുകളില്‍ മാത്രമായി ചുരുക്കണം. രണ്ടോ മൂന്നോ കുടുംബാംഗങ്ങള്‍ മാത്രം ചേര്‍ന്ന് നടത്താം. നാവില്‍ ആദ്യാക്ഷരം കുറിക്കുന്ന സ്വര്‍ണ്ണം ഉള്‍പ്പടെയുള്ളവ ഒറ്റത്തവണ മാത്രം ഉപയോഗിക്കണം. വീണ്ടും വീണ്ടും ഉപയോഗിക്കരുത്. ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ ശേഖരിക്കണം. 60 വയസിന് മുകളിലും 10 വയസില്‍ താഴെ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലത്. കണ്ടയിന്‍മെന്റ് സോണില്‍ വീടിന് പുറത്ത് ആഘോഷം പാടില്ല. മാസ്‌ക് ധരിക്കാനും കൈകള്‍ സാനിറ്റൈസ് ചെയ്യാനും ആള്‍ക്കൂട്ടത്തില്‍ സാമൂഹിക അകലം പാലിക്കാനും മറക്കരുതെന്ന് ഡി എം ഒ അറിയിച്ചു.
പ്രത്യേക പൂജകള്‍, വിദ്യാരംഭം
പ്രവേശന കവാടത്തില്‍ തിരക്ക് കൂട്ടാതിരിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചടങ്ങ് നടക്കുന്നിടത്ത് സ്‌ക്രീനിംഗിനുള്ള സൗകര്യമൊരുക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ഒരുകാരണവശാലും പ്രവേശിപ്പിക്കരുത്. വ്യക്തികള്‍ തമ്മില്‍ ചുരുക്കിയത് രണ്ട് മീറ്റര്‍(ആറ് അടി) ശാരീരിക അകലം വേണം. തറയില്‍ അടയാളമിട്ടോ വടം കെട്ടിയോ ശാരീക അകല പാലനം  സംഘാടകര്‍ ഉറപ്പാക്കണം. എല്ലാവരും നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിച്ചിരിക്കണം. അനാവശ്യമായി എവിടെയും സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കണം. ഏതെങ്കിലും പ്രതലത്തിലോ വസ്തുവിലോ സ്പര്‍ശിച്ചാല്‍ ഉടന്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കണം. ഇതിനുള്ള സജ്ജീകരണങ്ങള്‍ സംഘാടകര്‍ ഒരുക്കണം. ഇടയ്ക്കിടെ ആളുകള്‍ സ്പര്‍ശിക്കുന്ന എല്ലാ പ്രതലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറയിഡ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.
പേരും വിലാസവും ഫോണ്‍ നമ്പരും നിര്‍ബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കണം. സ്വയം നിരീക്ഷണം പരമപ്രധാനമാണ്. പനി, ചുമ, തൊണ്ടവേദന, അമിതമായ ക്ഷീണം, മണവും രുചിയും നഷ്ടപ്പെടല്‍, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എവിടെയും സന്ദര്‍ശനത്തിന് മുതിരാതെ വീട്ടില്‍ തന്നെ കഴിയുകയും തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2897/2020)

 

date