Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്തുന്ന വിധം

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയുന്നതിനായി നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ പിന്നിലോ കൂട്ടിച്ചേർക്കലുകൾ നടത്താം. ഇതിനായി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതിയിൽ (നവംബർ 23) വൈകിട്ട് മൂന്നിന് മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം.
ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികൾ വരികയാണെങ്കിൽ പേരിനൊപ്പമോ മുന്നിലോ പിന്നിലോ കൂട്ടിച്ചേർക്കലുകൾ അനുവദിക്കും. ജോലി സംബന്ധമായ വിശേഷണം (അഡ്വക്കേറ്റ് - അഡ്വ., ഡോക്ടർ - ഡോ., പ്രൊഫസർ - പ്രൊഫ.), വീട്ടുപേര്, രക്ഷിതാക്കളുടെ പേര്, സ്ഥലപ്പേര് എന്നിവ ചേർക്കാം. ഉദാ: രാമചന്ദ്രൻ എന്ന് പേരുള്ള രണ്ടുപേർ ഉണ്ടെങ്കിൽ താഴെ പറയുന്ന രീതിയിൽ കൂട്ടിച്ചേർക്കലുകൾ നടത്താവുന്നതാണ്.
ജോലി സംബന്ധമായ വിശേഷണം - അഡ്വ. രാമചന്ദ്രൻ/ ഡോ. രാമചന്ദ്രൻ/ പ്രൊഫ. രാമചന്ദ്രൻ
വീട്ടുപേര് - കല്ലേലിൽ രാമചന്ദ്രൻ, മാങ്കുഴി രാമചന്ദ്രൻ
രക്ഷിതാക്കളുടെ പേര് - ഗോപാലൻ രാമചന്ദ്രൻ, ദാമോദരൻ രാമചന്ദ്രൻ
സ്ഥലപ്പേര് - മടത്തറ രാമചന്ദ്രൻ
നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവർക്ക് ആവശ്യമെങ്കിൽ പേരിനൊപ്പം ആ പേരും ചേർക്കാം. നാമനിർദ്ദേശ പത്രികയിൽ നൽകിയിട്ടുള്ള പേരിൽ നിന്നും പൂർണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കിൽ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേര് നൽകേണ്ടതും പുതിയതായി ആവശ്യപ്പെട്ട പേര് ബ്രാക്കറ്റിൽ നൽകേണ്ടതുമാണ്.
ഉദാ: അബ്ദുൽ ജബ്ബാർ എന്ന വ്യക്തിക്ക് അബ്ബാസ് എന്ന പേര് ചേർക്കണമെങ്കിൽ അതിന് -  അബ്ദുൽ ജബ്ബാർ (അബ്ബാസ്) എന്ന് വേണം ചേർക്കേണ്ടത്.
അപേക്ഷ അംഗീകരിച്ചാൽ വോട്ടിംഗ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേർക്കലോടുകൂടിയ പേരാകുമുണ്ടാവുക.
പി.എൻ.എക്‌സ്. 4104/2020

 

date