Skip to main content

ന്യൂനമർദം: ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം

***ഇന്നു മുതൽ(30 നവംബർ) കടലിൽ പോകുന്നതിനു നിരോധനം

*** ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു

*** മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്ക്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജില്ലയിൽ വരുന്ന നാലു ദിവസം പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ വിവിധ വകുപ്പുകൾക്കു കളക്ടർ നിർദേശം നൽകി. ഏതു സാഹചര്യവും നേരിടാൻ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം സജ്ജമാണെന്നും കളക്ടർ പറഞ്ഞു.

ഡിസംബർ ഒന്നിന് യെല്ലോ അലേർട്ടും രണ്ടിനും നാലിനും ഓറഞ്ച് അലേർട്ടും മൂന്നിന് റെഡ് അലേർട്ടുമാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. (2020 നവംബർ 30ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ള റിപ്പോർട്ട് പ്രകാരം). ഇതു മുൻനിർത്തി ഇന്നു മുതൽ (30 നവംബർ) ജില്ലയിൽനിന്നു കടലിൽ പോകുന്നതിനു പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോയിട്ടുള്ളവർ ഇന്ന് അർധരാത്രിയോടെ സുരക്ഷിതമായി കരയിലെത്തണം. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കോതിയൊതുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര നടപടിയെടുക്കണം. പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവയുടെ സുരക്ഷിതത്വവും ഉറപ്പാക്കണം.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചതായും കളക്ടർ പറഞ്ഞു. മറ്റു ഖനന പ്രവർത്തനങ്ങളും അനുവദിക്കില്ല. പൊന്മുടിയടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കുമെന്നും കളക്ടർ പറഞ്ഞു.

ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ. മുഹമ്മദ് സഫീറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗം ചേർന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു സംബന്ധിച്ചു യോഗം വിശദമായി ചർച്ചചെയ്തു.

date