Skip to main content

സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പരിശീലനം

സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പോളിങ് ഓഫീസർമാർക്കും അസിസ്റ്റന്റിസിനുമുള്ള പരിശീലനം ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

 

ഓരോ ബൂത്തിലേക്കും നൽകുക 7 ലിറ്റർ സാനിറ്റൈസർ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കോവിഡ്-19 പ്രോട്ടോക്കോളിന്റെ ഭാഗമായി ഓരോ പോളിംഗ് ബൂത്തിലേക്കും നൽകുക ഏഴ് ലിറ്റർ സാനിറ്റൈസർ വീതം. അഞ്ച് ലിറ്ററിന്റെ ഒരു ക്യാൻ, 500 മില്ലി ലിറ്ററിന്റെ നാല് കുപ്പികൾ എന്നിവയാണ് നൽകുക. കൂടാതെ 18 മാസ്‌കുകൾ, 12 ജോടി കൈയുറകൾ, ആറ് ഫേസ് ഷീൽഡുകൾ എന്നിവയ്ക്ക് പുറമെ പി.പി.ഇ കിറ്റും ഓരോ ബൂത്തിലേക്കും നൽകും. ബൂത്തുകളിലേക്കുള്ള കോവിഡ്-19 പ്രതിരോധ സാമഗ്രികളുടെ വിതരണം തുടങ്ങിക്കഴിഞ്ഞു. 1409 ബൂത്തുകളാണ് ആകെ ജില്ലയിലുള്ളത്.

പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടറുടെ കൈകളിൽ പോളിംഗ് അസിസ്റ്റൻറ് സാനിറ്റൈസർ തളിക്കും. ഓരോ ബൂത്തിലും സാനിറ്റൈസർ കൃത്യമായ അളവിൽ ഉപയോഗിക്കുമെന്ന് ഉറപ്പാക്കണമെന്ന് സെക്ടറൽ ഓഫീസർമാരുടെ പരിശീലന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പോളിംഗ് ബൂത്തിന് മുന്നിലെ ക്യൂവിൽ വോട്ടർമാർ തമ്മിൽ ഒന്നര മീറ്റർ അകലം വേണം. ഡിസംബർ 13ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം കോവിഡ് പോസിറ്റീവാകുന്നവർക്ക് ഡിസംബർ 14ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷം വോട്ട് ചെയ്യാമെന്ന് കളക്ടർ പറഞ്ഞു. ആ സയമം ക്യൂവിൽ ഉള്ളവരെ ടോക്കൺ നൽകി പ്രത്യേക മുറിയിലേക്ക് മാറ്റി കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. ഇതിനായി അഞ്ച് മണിക്ക് ശേഷം പോളിംഗ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ് നൽകും. ഈ പി.പി.ഇ കിറ്റുകൾ സെക്ടറൽ ഓഫീസർമാർ ശേഖരിച്ച് ബന്ധപ്പെട്ട ആശുപത്രികളിലെത്തിച്ച് സംസ്‌ക്കരിക്കുമെന്നും കളക്ടർ അറിയിച്ചു.

 

20 പോളിംഗ് ബൂത്തുകൾക്ക് ഒരു സെക്ടറൽ ഓഫീസർ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ജില്ലയിൽ 20 പോളിംഗ് ബൂത്തുകൾക്ക് ഒരു സെക്ടറൽ ഓഫീസർമാരെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പോളിംഗ് ബൂത്തുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പുരോഗതി റിപ്പോർട്ട് ചെയ്യുകയും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുകയുമാണ് ഇവരുടെ ചുമതല. ജില്ലയിൽ വില്ലേജ് ഓഫീസർമാരെയാണ് സെക്ടറൽ ഓഫീസർമാരാക്കിയത്. 

വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് മുതൽ പോളിംഗിന് ശേഷം സാധനങ്ങൾ തിരികെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നതുവരെയാണ് സെക്ടറൽ ഓഫീസർമാരുടെ പ്രവർത്തന സമയം.

ഇവർ വോട്ടെടുപ്പിന് മുമ്പ് ഓരോരുത്തർക്കും ചുമതലപ്പെടുത്തിയ ബൂത്തുകൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ ഉറപ്പുവരുത്തും. പോളിംഗിന് തലേദിവസം വൈകീട്ട് എല്ലാ ബൂത്തുകളും സന്ദർശിച്ച് വോട്ടർപട്ടികയുടെ മാർക്ക്ഡ് കോപ്പി പ്രിസൈഡിംഗ് ഓഫീസർക്ക് രേഖാമൂലം കൈമാറേണ്ടത് സെക്ടറൽ ഓഫീസർമാരാണ്. പോളിംഗ് ഉദ്യോഗസ്ഥർ മുഴുവൻ എത്തിയിട്ടുണ്ടോയെന്നും തെരഞ്ഞെടുപ്പ് സാമഗ്രികളും കോവിഡ് പ്രതിരോധ സാമഗ്രികളും ലഭ്യമായിട്ടുണ്ടോയെന്നും ഇവർ ഉറപ്പുവരുത്തും.

ഏതെങ്കിലും ബൂത്തിൽ പുതിയ വോട്ടിംഗ് യന്ത്രം ആവശ്യമായി വന്നാൽ അവ ഉടൻ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. ബൂത്തിലോ പരിസരത്തോ സ്ഥാനാർഥികളോ പ്രവർത്തകരോ വോട്ടർമാരോ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അവ ഉടൻ പോലീസിനെയും മറ്റ് അധികാരികളെയും അറിയിച്ച് നടപടി സ്വീകരിക്കേണ്ടത് സെക്ടറൽ ഓഫീസർമാരുടെ ചുമതലയാണ്.

സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം കളക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടത്തി. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത്ബാബു, തെരഞ്ഞെടുപ്പ് പരിശീലനത്തിന്റെ നോഡൽ ഓഫീസർ കെ. ബാലകൃഷ്ണൻ, എൻ.ഐ.സി ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ. രാജൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

date