Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പൊലീസ് ഏറ്റെടുത്ത് സൂക്ഷിക്കുന്നത് 703 തോക്കുകള്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി ജില്ലയില്‍ അഡീഷനല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത് പൊലീസ് സൂക്ഷിക്കുന്നത് 703 (തോക്ക്) ആയുധങ്ങള്‍. വന്യമൃഗശല്യമുള്ള മേഖലയില്‍ ജീവന് ഭീഷണിയുള്ളവര്‍ ഉപയോഗിക്കുന്ന ലൈസന്‍സുള്ള തോക്കുകളാണ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് മേല്‍നോട്ടത്തില്‍ അതത് മേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നത്. അതേസമയം 39 ലൈസന്‍സ് തോക്കുകള്‍ ബാങ്കുകളുടെയും സുരക്ഷ ഏജന്‍സികളുടെയും കൈവശത്തിലാണ്.  ആയുധ ലൈസന്‍സുള്ള ജില്ലയിലെ എല്ലാ വ്യക്തികളും നവംബര്‍ 30നകം അതത് പൊലീസ് സ്റ്റേഷനുകളില്‍ ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കണമെന്നും ഈ വിവരം ലൈസന്‍സില്‍ രേഖപ്പെടുത്തണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ആയുധങ്ങള്‍ നിക്ഷേപിച്ചതിനുള്ള രസീത് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ആയുധങ്ങള്‍ സ്വയമേവ നിക്ഷേപിക്കാത്തവരില്‍ നിന്ന് പിടിച്ചെടുക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ആയുധങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഡീഷനല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് എന്‍.എം മെഹറലി വ്യക്തമാക്കിയിരുന്നു. ആയുധങ്ങള്‍ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാ കലക്ടറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ ലൈസന്‍സികള്‍ ഏല്‍പ്പിച്ച ആയുധങ്ങള്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ തിരികെ നല്‍കൂ.

date