Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

ജില്ലയില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി-കോവിഡ് പ്രതിരോധ പ്രവര്‍ത്തന വിലയിരുത്തല്‍  യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
കഴിഞ്ഞ വര്‍ഷം  പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അഞ്ചല്‍, ഏരൂര്‍, അച്ചന്‍കോവില്‍ അടക്കമുള്ള മലയോരമേഖലയിലും ചവറ, കരുനാഗപ്പള്ളി ഭാഗങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി വകുപ്പ് തലങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ യോഗത്തില്‍ അവതരിപ്പിച്ചു.
ജില്ലാ-താലൂക്ക് ആശുപത്രികളില്‍ അടിയന്തര മരുന്നുകളും പനി വാര്‍ഡുകളും സജ്ജമാക്കും. തൊഴില്‍ വകുപ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സന്ദര്‍ശനങ്ങളും സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമാക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടലുകള്‍  തട്ടുകടകള്‍, മറ്റ് ഭക്ഷ്യശാലകള്‍ തുടങ്ങിയവയില്‍ കൃത്യമായ പരിശോധനകള്‍ നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍ ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സ്‌കൂളുകളില്‍ അസംബ്ലി സമയത്തുള്ള  ബോധവത്കരണം നിര്‍ബന്ധമാക്കും. ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പുകളും കൃത്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 123/2021)

 

date