Skip to main content

ആരോഗ്യമേഖലയിൽ നിശബ്ദ വിപ്ളവം, കുടുംബാരോഗ്യ കേന്ദ്രങ്ങളായത് ജില്ലയിലെ  62 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

 

കോവിഡ് അടക്കമുള്ള വെല്ലുവിളികൾക്കിടയിലും ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തിന് പുരോഗതിയുടെ നാളുകൾ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ വ൯ മുന്നേറ്റം കുറിച്ച ജില്ലയാണ് തൃശൂർ. നാല് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം ജില്ലയിലെ 62 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് നവീകരണ, വികസന പദ്ധതികൾ പൂർത്തിയാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പദവി കൈവരിച്ചത്. 

 

 

ഇതിന് പുറമെ രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ തൃശൂർ ജില്ലയിലെ ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ഒരു നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനും  കഴിഞ്ഞു. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ ക്യൂ എ എസ്) എന്ന മൂല്യനിർണയ സംവിധാനം വഴി സൗകര്യങ്ങൾ വിലയിരുത്തിയാണ് സ്ഥാപനങ്ങൾക്ക് ഈ അംഗീകാരം നൽകുന്നത്. തൃശൂർ ജില്ലയിലെ വേലൂർ, മുണ്ടൂർ, ദേശമംഗലം, തളിക്കുളം, പുന്നയൂർ, നെന്മണിക്കര എന്നീ  കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും, അനാപുഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മാണ്  ഈ അംഗീകാരം ലഭിച്ചത്.

 

രോഗികളുടെ നേട്ടങ്ങൾ

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബരോഗ്യ കേന്ദ്രങ്ങളായി  ഉയർത്തുമ്പോൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഗണ്യമാണ്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ ഔട്ട് പേഷ്യന്റ് ചികിത്സ, രാവിലെ 8 മുതൽ വൈകീട്ട് 3 മണി വരെ ലാബറട്ടറി സംവിധാനം, ആഴ്ചയിലൊരു ദിവസം പ്രതിരോധ കുത്തിവെപ്പ് പരിപാടി, മാതൃ സംരക്ഷണ സേവനങ്ങൾ, കണ്ണ് പരിശോധന, കുടുംബ ക്ഷേമ പരിപാടികൾ, ദേശീയ രോഗ നിയന്ത്രണ പരിപാടികൾ, ഇ -ഹെൽത്ത്, ആശുപത്രി കേന്ദ്രീകരിച്ചുള്ള നഴ്സിംഗ് പരിചരണം, സൗജന്യ മരുന്ന് വിതരണം, എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്കുകൾ, എല്ലാ ശനിയാഴ്ചകളിലും പ്രത്യേക വയോജന സൗഹൃദ ക്ലിനിക്കുകൾ, ശ്വാസ് ആശ്വാസ് ക്ലിനിക്കുകൾ, കൗമാര ആരോഗ്യ ക്ലിനിക്കുകൾ എന്നീ സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോൾ അധികമായി ലഭ്യമാകുന്നത്.

 

മികവിലേക്ക് നയിച്ച ഘടകങ്ങൾ 

ചികിത്സ കാത്ത് ആർക്കും ഈ ആരോഗ്യ കേന്ദ്രങ്ങളിൽ നിൽക്കേണ്ടി വരില്ല. വേണ്ടത്ര ഇരിപ്പിടങ്ങൾ രോഗികൾക്കായി പരിശോധനാ മുറിക്ക് പുറത്ത് നിരത്തിയിട്ടുണ്ട്. ടോക്കണെടുത്ത് സ്വസ്ഥമായി കാത്തിരിക്കാം. വൃത്തിയുള്ള ടോയ്ലറ്റുകളിൽ  ശാരീരിക ബുദ്ധിമുട്ടുകൾ  ഉള്ളവരെ കൂടി പരിഗണിച്ച്  ആവശ്യമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ കൗണ്ടറുകൾ കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നു. പേരുവിവരങ്ങൾ കൊടുക്കുന്നതോടെ രോഗി പിന്നെ ആരോഗ്യകേന്ദ്രത്തിൽ നിരീക്ഷണത്തിലാവും. നിരന്തരം ആരോഗ്യ പരിശോധന ആവശ്യമുള്ളവരെ  അങ്ങോട്ട് വിളിച്ചു ഓർമിപ്പിക്കാനും ഇവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 

 

ഡബിൾ  ചെക്കപ്പ്

രജിസ്റ്ററിൽ പേരു ചേർത്താൽ പിന്നെ രോഗി പോകേണ്ടത് പ്രീ ചെക്കപ്പ് കൗണ്ടറിലേക്കാണ്. അവിടെ രോഗികളുടെ രക്തസമ്മർദ്ദം, ശരീരഭാരം എന്നീ പ്രാഥമിക പരിശോധനകൾ നടക്കും. കൃത്യമായി രേഖപ്പെടുത്തി, അടുത്ത തവണ  വരുമ്പോൾ ആവശ്യം വന്നാൽ എടുക്കാൻ പാകത്തിൽ സൂക്ഷിക്കും.

 

ജില്ലയിലെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളെയും ഉന്നത നിലവാരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. മെഡിക്കൽ കോളേജ് മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ അണിനിരക്കുന്ന ചികിത്സാ ശ്രേണി, ഫലപ്രദമായ റഫറൽ സംവിധാനം, വാർഡ് തലം വരെ നീളുന്ന ഗാർഹിക രോഗീ നിരീക്ഷണം എന്നിവയെല്ലാം അടങ്ങുന്നതാണ് ഈ പദ്ധതി.

date