Skip to main content

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണം

കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ് ബി ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെ ഡിസംബര്‍ മാസം വിതരണം ചെയ്ത പെന്‍ഷന്‍ തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ബാങ്കില്‍ നിന്നും ബോര്‍ഡിന് തിരികെ ലഭിച്ചിരിക്കുന്നു. ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാരില്‍ മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ വിവരം അറിയിക്കണം. ഇപ്രകാരം ബാങ്ക് അക്കൗണ്ടുകളിലെ ന്യൂനത പരിഹരിച്ചാല്‍ മാത്രമേ തിരികെ വന്ന മുന്‍മാസത്തെ പെന്‍ഷന്‍ തുകയും തുടര്‍ന്നുളള മാസങ്ങളിലെ പെന്‍ഷന്‍ തുകയും ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുകയുളളൂ എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
എസ്.ബി.ഐ യുടെ സീറോ ബാലന്‍സ്, ജനപ്രിയ അക്കൗണ്ടുകളിലെ അനുവദനീയമായ വാര്‍ഷിക പരിധിയിലധികം നീക്കിയിരിപ്പും ട്രാന്‍സാക്ഷനും നടന്നിട്ടുളള അക്കൗണ്ടുകളിലാണ് ഇപ്രകാരം പെന്‍ഷന്‍ തുക ക്രഡിറ്റാകാതെ മടങ്ങി വന്നിട്ടുളളത്. ആയതിനാല്‍ ബാങ്ക് അക്കൗണ്ടു മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ തടങ്ങള്‍ പരിഹരിച്ച് വിവരം ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് കാര്യാലയത്തില്‍ അറിയിക്കണം.

date