Skip to main content

കേരളം വിജ്ഞാന സമൂഹം: അന്തർദേശീയ സംവാദം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളം വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യാനുള്ള കർമപരിപാടിയുടെ ഭാഗമായി അന്തർദേശീയ സംവാദം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷന്റെ (ഗിഫ്റ്റ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. 20 ലേറെ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും നയകർത്താക്കളും പങ്കെടുക്കുന്ന സംവാദം 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൂന്ന് സമ്മേളനങ്ങൾ ഈ വെബിനാറിൽ ഉണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊളംബിയ സർവകലാശാലയിലെ പ്രൊഫ: റിച്ചാർഡ് ആർ. നെൽസൺ, ഡെൻമാർക്ക് ആൽബോർഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ: ലൂൺഡുവാൾ എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യാതിഥികളാകും. സമാപനസമ്മേളനത്തിൽ ക്യൂബയിലെ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഔറോറ ഗോൺസാൽവസ് പങ്കെടുക്കും.
2021-22 ബജറ്റിലെ മുഖ്യവിഷയം കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യുന്നതിനുള്ള കർമപരിപാടിയായതിനാലാണ് ഈ സംവാദം സംഘടിപ്പിക്കുന്നതെന്ന് ധനകാര്യമന്ത്രി പറഞ്ഞു.
വിജ്ഞാനസമൂഹത്തിനായുള്ള പശ്ചാത്തലസൗകര്യങ്ങൾ സംബന്ധിച്ചുള്ള സമ്മേളനത്തിന്റെ അധ്യക്ഷൻ വി.എസ്.എസ്.സി ഡയറക്ടർ സോമനാഥാണ്. കെ-ഫോണിനെക്കുറിച്ചും ഇലക്ട്രോണിക് വ്യവസായത്തെക്കുറിച്ചും അവതരണങ്ങൾ ഉണ്ടാകും. വിജ്ഞാന സമൂഹത്തിനുവേണ്ടിയുള്ള ഇന്നവേഷൻ സിസ്റ്റത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ ടെക്നോളജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: എം.എസ് രാജശ്രീ അധ്യക്ഷയായിരിക്കും. കെ-ഡിസ്‌കിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും അവതരണങ്ങൾ ഉണ്ടാകും. വിജ്ഞാന സമൂഹത്തിന് വേണ്ടിയുള്ള നൈപുണി പരിശീലന പദ്ധതിയെക്കുറിച്ചുള്ള സമ്മേളനത്തിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ: സജി ഗോപിനാഥ് അധ്യക്ഷത വഹിക്കും. നാലാം വ്യവസായ വിപ്ലവത്തിലെ തൊഴിൽ സേനയെ സജ്ജമാക്കുന്നതിനുള്ള തന്ത്രത്തെക്കുറിച്ചും വർക്ക് നിയർ ഹോം സൗകര്യങ്ങളെക്കുറിച്ചും അവതരണങ്ങൾ ഉണ്ടാകും.
മുഖ്യമായും പണ്ഡിതൻമാരും നയകർത്താക്കളുമായാണ് ജനുവരി 23ലെ സംവാദം. സംവാദപരമ്പരയിലെ തൊഴിലുടമകളും മറ്റു വിദഗ്ധരുമായുള്ള സമ്മേളനങ്ങൾ പിന്നീട് നടത്തും. ഇന്നവേഷൻ സ്‌കോളേഴ്സിന്റെ ആഗോള സംഘടനയായ ഗ്ളോബലിക്സുമായി ചേർന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഈ പരമ്പര സംഘടിപ്പിക്കുന്നത്. ചർച്ചകൾ ഫേസ്ബുക്ക് പേജിൽ ലൈവായി നൽകും. വിശദാംശങ്ങൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ ലഭിക്കും. വാർത്താസമ്മേളനത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: കെ.ജെ ജോസഫും സംബന്ധിച്ചു.
പി.എൻ.എക്സ്. 319/2021

date