Skip to main content

പ്രതിസന്ധി ഘട്ടങ്ങളിലും ഏറ്റെടുത്ത ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് വിശ്വാസ് മേത്ത: മുഖ്യമന്ത്രി

പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഏറ്റെടുക്കുന്ന ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടാകുന്ന പ്രത്യേക വെല്ലുവിളികൾക്ക് മുന്നിൽ നിശ്‌ചേഷ്ടനായി നിൽക്കുന്ന വ്യക്തിയല്ല അദ്ദേഹം. അത്തരം സന്ദർഭങ്ങളിൽ സജീവമായി ഇടപെടാൻ തയ്യാറാണെന്ന് വിശ്വാസ് മേത്ത തെളിയിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സന്ദർഭത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. 2018ലെയും 2019ലെയും പ്രളയം, നിപ തുടങ്ങിയ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെടുന്നതിന് പറ്റുന്ന ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു. കാര്യങ്ങൾ നല്ലരീതിയിൽ മനസിലാക്കി ഇടപെടുന്ന ചീഫ് സെക്രട്ടറിയെ അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെ നാം കണ്ടു. രാജസ്ഥാനിൽ നിന്ന് കേരളം ദത്തെടുത്തതാണ് വിശ്വാസ് മേത്തയെ. ചെറിയ കാലയളവാണ് ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചതെങ്കിലും അതിദീർഘകാലം എന്ന പ്രതീതി സൃഷ്ടിച്ചു. അദ്ദേഹം വഹിച്ച സ്ഥാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വലിയ സഹകരണം കഴിഞ്ഞ അഞ്ചു വർഷം സർക്കാരിന് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുവായ കാര്യത്തിനായി എല്ലാവരും നന്നായി പ്രവർത്തിച്ചു. ഉദ്യോഗസ്ഥരുടെ പ്രവർത്തനം നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കുവേണ്ടിയായിരിക്കണമെന്ന കാഴ്ചപ്പാട് എപ്പോഴും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ സർവീസിന്റെ പടിയിറങ്ങുമ്പോൾ പശ്ചാത്താപങ്ങളൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. അച്ഛൻ പ്രൊഫ. മേത്തയുടെ കാൽതൊട്ടു വന്ദിച്ച ശേഷമാണ് അദ്ദേഹം മറുപടി പ്രസംഗം ആരംഭിച്ചത്. ജനങ്ങളിൽ നിന്ന് ലഭിച്ച അഭിനന്ദനങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
മന്ത്രിമാരായ ഇ. പി. ജയരാജൻ, കെ.കെ.ശൈലജ ടീച്ചർ, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. കൃഷ്ണൻകുട്ടി, നിയുക്ത ചീഫ് സെക്രട്ടറി വി. പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മറ്റു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ സ്വാഗതവും പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ നന്ദിയും പറഞ്ഞു.
പി.എൻ.എക്സ്. 1093/2021
 

date