Skip to main content

കോവിഡ് വ്യാപനം നിയന്ത്രിക്കാനായി  100 സെക്ടറല്‍ ഓഫീസർമാരെ നിയമിച്ചു 

 ആലപ്പുഴ: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  അധികരിക്കുന്ന സാഹചര്യം നേരിടാൻ കൂടുതൽ സെക്ടറല്‍ ഓഫീസർമാരെ നിയമിക്കാൻ ജില്ലാ കളക്ടർ എ അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. പോലീസ് വരുംദിവസങ്ങളിൽ കർശനമായ കോവിഡ് നിയന്ത്രണ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന് രംഗത്തിറങ്ങുമെന്ന് ജില്ല പോലീസ് മേധാവി ജെ.ജയദേവ് യോഗത്തില്‍ പറഞ്ഞു.  
ആലപ്പുഴ ബീച്ചിലും ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും സെക്ടറല്‍  മജിസ്ട്രേറ്റ് മാരുടെ നേതൃത്വത്തിൽ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന പരിശോധന കർശനമാക്കും.  വരും ദിവസങ്ങളിൽ  സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള വാക്സിനേഷൻ ആരംഭിക്കും.  സെക്ടറല്‍  മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ കല്യാണവീട്, ഉത്സവ സ്ഥലങ്ങൾ,  പള്ളികൾ, പെരുന്നാള്‍  നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. വാക്സിനേഷനുകകളുടെ എണ്ണം കൂട്ടാനും ആര്‍.ടി.പിസിആർ ടെസ്റ്റ് വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ടൂറിസം മേഖലയെ കേന്ദ്രീകരിച്ച് പുന്നമടയിലും കെഎസ്ആർടിസി സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്രത്യേക ടെസ്റ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തും.  പഞ്ചായത്ത് തല ജാഗ്രതാസമിതികൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.  ബീച്ചിൽ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവര്‍ക്കും കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ പോലീസിന് നിർദ്ദേശം നൽകി. 

date