Skip to main content

കോവിഡ് 19 രണ്ടാം തരംഗം: അതീവ ജാഗ്രത പുലര്‍ത്തണം - ജില്ലാ കളക്ടര്‍

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വരുന്ന രണ്ടാഴ്ച്ച കാലം ഏറെ നിര്‍ണ്ണായകമാണ്. ഈ ദിവസങ്ങളില്‍ രോഗ വ്യാപനം വര്‍ധിക്കാനുളള സാധ്യത കൂടുതലാണ്. രണ്ടാം തരംഗത്തില്‍ കോവിഡിന്റെ  ആദ്യകാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ലക്ഷണങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്.  ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങളായിരുന്ന പനി, ശരീരവേദന, വയറിളക്കം, ജലദോഷം. മണമില്ലായ്മ എന്നിവയ്ക്ക് പുറമേ ശരീരവേദന, സന്ധിവേദന, തളര്‍ച്ച എന്നീ ലക്ഷണങ്ങളും കൂടി രണ്ടാം ഘട്ടത്തില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ചെറുപ്രായക്കാരിലാണ് ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കൂടുതലായി കണ്ട് വരുന്നത്. അതിനാല്‍ ചെറിയ രോഗ ലക്ഷണങ്ങളെ പോലും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടുകയും ആവശ്യമെങ്കില്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നു

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്ന പ്രവണതയാണ് നിലവിലുളളത്. കഴിഞ്ഞ ആഴ്ച്ചകളില്‍ മൂന്ന് ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.6 ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ കാണുന്നത് സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികളിലും, പനമരം ഗ്രാമപഞ്ചായത്തിലുമാണ്. 50 മുതല്‍ 72 വരെ കേസുകളാണ് ഇവിടങ്ങളില്‍ സ്ഥിരീകരിക്കുന്നത്. മാനന്തവാടി നഗരസഭ, കണിയാമ്പറ്റ, വൈത്തിരി, മേപ്പാടി, നെന്‍മേനി പഞ്ചായത്തുകളില്‍ 38 മുതല്‍ 50 വരെ കേസുകളാണുള്ളത്. തവിഞ്ഞാല്‍, വെളളമുണ്ട, പടിഞ്ഞാറത്തറ അമ്പലവയല്‍ എന്നിവിടങ്ങളില്‍ 23 മുതല്‍ 38 വരെയും കോട്ടത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, മുട്ടില്‍, മീനങ്ങാടി, പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ 13 മുതല്‍ 23 വരെയുമാണ് കേസുകള്‍. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തൊണ്ടര്‍നാട്, തിരുനെല്ലി, മൂപ്പൈനാട്, നൂല്‍പ്പുഴ എന്നിവിടങ്ങളിലാണ്. ഇവിടെ 7 മുതല്‍ 13 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പരിശോധനയും സാമ്പിള്‍ ശേഖരണവും ഊര്‍ജ്ജിതപ്പെടുത്തും

ജില്ലയില്‍ നടത്തിയ സീറോ സര്‍വ്വെയിലന്‍സ് പഠനത്തില്‍ ജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദിവാസി മേഖലയില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്നും കളക്ടര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പരിശോധനയും സാമ്പിള്‍ ശേഖരണവും ഊര്‍ജ്ജിതപ്പെടുത്തും. ഇതിനായി ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രാദേശിക തലങ്ങളില്‍ എത്തി പരിശോധന നടത്തും. കൂടുതല്‍ സര്‍വ്വെയിലന്‍സ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഓരോ ദിവസവും വ്യാപാരി വ്യവസായികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പോലീസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ സ്വമേധയ മുന്നോട്ട് വന്ന് പരിശോധന നടത്താന്‍ തയ്യാറാവണം. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി 117 ക്യാമ്പുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനേഷനിലൂടെ 70 മുതല്‍ 80 ശതമാനം വരെ രോഗ പ്രതിരോധത്തിന് ഇതിലൂടെ സാധിക്കും.  അതിനാല്‍ വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നടപടികള്‍ പുനരാരംഭിക്കും. തദ്ദേശ സ്ഥാപനതലങ്ങളില്‍ രോഗ പ്രതിരോധത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നവരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുളളു. വിവാഹം, വിവിധ യോഗങ്ങള്‍ എന്നിവയിലും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date