Skip to main content

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കപ്പെടണം. കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.
കോവിഡ് വ്യാപനനിരക്ക് വര്‍ധിക്കാന്‍ സാധ്യത ഉണ്ട്. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങിയതിനാല്‍ സൂക്ഷ്മത പുലര്‍ത്തണം. പരീക്ഷാകേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നതായും ഉറപ്പാക്കുന്നതിനുവേണ്ട നടപടികള്‍ എസ്എച്ച്ഒമാര്‍ കൈകൊള്ളുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായമുള്ളവരും കുട്ടികളും യാത്രകള്‍ പരമാവധി ഒഴിവാക്കണം.
നിയന്ത്രണങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളും, ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതും കര്‍ക്കശമാക്കി. മാസ്‌ക് ധരിക്കാതിരിക്കല്‍ തുടങ്ങിയ ലംഘനങ്ങള്‍ക്ക് ബോധവല്‍ക്കരണത്തോടൊപ്പം പിഴ ഈടാക്കുന്നത് തുടരും. മുഖാവരണം കൃത്യമായി ധരിക്കുന്നുണ്ടെന്നും, അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കി. കടകളിലും മറ്റും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണമുണ്ടെന്നും പോലീസ് ഉറപ്പുവരുത്തും.
വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും മാസ്‌ക്ധരിക്കണം, ടാക്‌സികളിലും മറ്റും യാത്ര ചെയ്യുന്നവര്‍ മുഖാവരണം കൃത്യമായി ധരിക്കുന്നുണ്ടോയെന്നു പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ഒരാഴ്ചയിലധികം നാട്ടില്‍ തങ്ങുന്നവര്‍, ഏഴു ദിവസത്തെ ക്വാറന്റീനില്‍  കഴിയുന്നുണ്ട് എന്നതും ഉറപ്പുവരുത്തും. ഇക്കാര്യങ്ങളിലെല്ലാം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ പോലീസിന് നിര്‍ദേശം നല്‍കിയതായും  പോലീസ്  നിയമനടപടികള്‍ കൈക്കൊണ്ടുവരുന്നതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
 

date