Skip to main content

പുണ്യമാസാചാരണത്തില്‍ സ്വയം നിയന്ത്രണം അനിവാര്യം-ജില്ലാ കലക്ടര്‍

കോവിഡ്-ഹരിതചട്ട മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വമേധയാ പാലിച്ച് മാതൃകാപരമായി ആഘോഷങ്ങളും അനുഷ്ഠാനങ്ങളും സംഘടിപ്പിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. റംസാന്‍ ആഘോഷത്തില്‍ ഉള്‍പ്പടെ മാനദണ്ഡ പാലനം ചര്‍ച്ച ചെയ്യാന്‍ സാമുദായിക സംഘടനാ നേതാക്കളുമായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണ് അറിയിച്ചത്.
സമുദായിക നേതാക്കളുടെ ഉദ്ബോധന പ്രസംഗങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ്, സ്രവ പരിശോധന തുടങ്ങിയവയെയും കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നതിനെയും  പ്രോത്സാഹിപ്പിക്കുന്ന ആഹ്വാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ശബ്ദ മലിനീകരണം, മാലിന്യ സംസ്‌ക്കരണം അടക്കമുള്ള വിഷയങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപന നിരക്ക് തടയുന്നത് സംബന്ധിച്ച് സംഘടനാ തലത്തില്‍ ശക്തമായ പിന്തുണയുണ്ടാകണം, കലക്ടര്‍ ഓര്‍മിപ്പിച്ചു.
പള്ളികളില്‍ നിസ്‌ക്കാരസമയത്ത് ഹാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിന്റെ അമ്പത് ശതമാനമോ പരമാവധി 100 പേര്‍ക്കോ പങ്കെടുക്കാം. സാമൂഹിക അകലം ഉറപ്പാക്കിയുള്ള ഇരിപ്പിട ക്രമീകരണങ്ങള്‍ ഒരുക്കണം. നിസ്‌കാര വസ്തുക്കള്‍ വീടുകളില്‍ നിന്ന് തന്നെ കൊണ്ടുവരണം. നോമ്പുതുറ കഴിവതും വീടുകളില്‍ തന്നെ ക്രമീകരിക്കുന്നതാണ് ഉത്തമം. ആചാരങ്ങളുടെ ഭാഗമായി ദാനധര്‍മ്മം നിര്‍വഹിക്കുമ്പോള്‍ പാകം ചെയ്ത ഭക്ഷണ വിതരണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ കിറ്റിലാക്കി നല്‍കുന്നതും ഉചിതമാകും. പള്ളികളില്‍ സന്ദര്‍ശക രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കണം എന്നും നിര്‍ദേശിച്ചു.

ആചാരപരമായ ചടങ്ങുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലും കോവിഡ്-ഹരിത ചട്ട മാനദണ്ഡ പാലനത്തിലും പൂര്‍ണ പിന്തുണ സമുദായിക നേതാക്കള്‍ അറിയിച്ചു. ഹരിത ചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍ തയ്യാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.
സാമുദായിക സംഘടനാ നേതാക്കളായ മെഹര്‍ ഖാന്‍, അഡ്വ. എ. നൗഷാദ്, കുറ്റിയില്‍ നിസാം, സിറാജുദ്ദീന്‍, മണക്കാട് നജുമുദ്ദീന്‍, പറമ്പില്‍ സുബൈര്‍, ജഹാംഗീര്‍, എം.കെ.സെയ്നുല്‍ ആബിദ്ദീന്‍, അനീഷ് യൂസഫ്, ആദില്‍ എം.ഖാന്‍, എ.എസ്.ഷമീര്‍, മുഹമ്മദ് സലീം റഷാദി, എസ്. അബ്ദുല്‍ കലാം, എ.ഡി.എം. അലക്സ് പി. തോമസ്, എന്‍. എച്ച്. എം. പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെ.രതീഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ എ.ഷാനവാസ്, കോരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍, ഡോ. ടിമ്മി ജോര്‍ജ്ജ് പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.889/2021)
 

date