Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതി നിർവ്വഹണം : സംസ്ഥാന തലത്തിൽ തകഴി പഞ്ചായത്ത് ഒന്നാമത് *മികച്ച നേട്ടവുമായി ജില്ല 

 

ആലപ്പുഴ : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  2020- 21 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ സംസ്ഥാന തലത്തിൽ മികച്ച നേട്ടവുമായി തകഴി ഗ്രാമ പഞ്ചായത്ത്‌. 154.90% പദ്ധതി തുക ചെലവഴിച്ചാണ് തകഴി ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ബ്ലോക്ക് തലത്തിൽ  വെളിയനാട് ബ്ലോക്കും  (110.43%), നഗരസഭകളിൽ ഹരിപ്പാട് നഗരസഭയും  (98.14%) ആണ്  ജില്ലയിൽ
പദ്ധതി ചെലവിൽ മുന്നിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ. തിരുവൻവണ്ടൂർ ചമ്പക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകൾ  ജില്ലയിൽ തകഴിക്ക് പിന്നിലായി രണ്ട് മൂന്ന് സ്ഥാനങ്ങളിലുണ്ട്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 85.23% തുകയാണ് കഴിഞ്ഞ സാമ്പത്തിക വർഷം  ചെലവഴിച്ചത്.

2019-20 സാമ്പത്തിക വർഷത്തെ 53.13 ശതമാനത്തിൽ നിന്നുമാണ് ജില്ലയുടെ പദ്ധതി ചെലവ് പുരോഗതി ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ജില്ലകളുടെ കണക്കെടുത്താൽ ലഭ്യമായ പ്ലാൻ ഫണ്ട് സാധാരണ വിഹിതത്തിൻ്റെ  119.69% വും ചെലവഴിച്ച് ജില്ല സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ സ്പിൽ ഓവർ പദ്ധതികളുടെ ക്യാരി ഓവർ തുകയും കൂടി ചേർത്ത് നോക്കിയാൽ  94.67%  ചെലവഴിച്ച് സംസ്ഥാന തലത്തിൽ  മൂന്നാം സ്ഥാനത്താണ് ജില്ല.

പട്ടിക ജാതി വിഭാഗത്തിനുള്ള പ്രത്യേക ഘടക പദ്ധതിവിഹിതത്തിൻ്റെ 84.80 ശതമാനവും,പട്ടികവർഗ്ഗകാർക്കുള്ള ഉപപദ്ധതിയുടെ  74.37 ശതമാനവും ,   കേ ന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റിൻ്റെ - 68.90 ശതമാനവും ചെലവഴിച്ചിട്ടുണ്ട്. പദ്ധതി ചിലവ് നോക്കിയാൽ  ബ്ലോക്ക് പഞ്ചായത്തുകളിൽ ആര്യാട്, മാവേലിക്കര എന്നീ ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലാതലത്തിൽ രണ്ടും മൂന്നും  സ്ഥാനങ്ങളിലുള്ളത്. നഗരസഭകളിൽ ചേർത്തല, ചെങ്ങന്നൂർ എന്നിവയാണ് ജില്ലാതലത്തിൽ യഥാക്രമം രണ്ടും മൂന്നും  സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഹരിപ്പാട് നഗരസഭ, ആര്യാട്, ഹരിപ്പാട്, കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളും  തണ്ണീർമുക്കം, തൈക്കാട്ടുശ്ശേരി, കൃഷ്ണപുരം, കണ്ടലൂർ, പത്തിയൂർ, പാണാവള്ളി, പള്ളിപ്പാട്, ചിങ്ങോലി, അരൂർ, കുത്തിയതോട്, വയലാർ എന്നീ  ഗ്രാമ പഞ്ചായത്തുകളും  പട്ടിക വർഗ്ഗ വിഭാഗ പദ്ധതിക്കായ് ലഭ്യമായ മുഴുവൻ  തുകയും  പൂർണ്ണമായും ചെലവഴിച്ചിട്ടുണ്ട് . 
 ജില്ലയിലെ 44 ഗ്രാമ പഞ്ചായത്തുകളും 5 ബ്ലോക്ക് പഞ്ചായത്തുകളും ഉൾപ്പെടെ 49 തദ്ദേശ സ്ഥാപനങ്ങളും പദ്ദതി വിഹിതം 100 ശതമാനത്തിന് മുകളിൽ  ചെലവഴിച്ചിട്ടുണ്ട് എന്നതും ശ്രദ്ദേയമാണ്.  കോവിഡ് - 19  മഹാമാരിക്കിടയിലും  പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങളിൽ  കാര്യക്ഷമമായ ഇടപെലുകൾ നടത്തിയാണ് ജില്ലക്ക് ആകെ അഭിമാനകരമായ നേട്ടം കൈവരിച്ചത്  എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു .
 

date