Skip to main content

കടൽക്ഷോഭത്തിന് ശമനം: ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ

 

കടലാക്രമണം രൂക്ഷമായ പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. ജില്ലയുടെ തീരദേശങ്ങളിലും മറ്റും നിരവധി വീടുകളിലാണ് കടൽ വെള്ളം കയറി ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നത്. ജനവാസകേന്ദ്രങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തികൾ നടക്കുന്നുണ്ട്. കുടിവെള്ള ശേഖരങ്ങളിൽ ക്ലോറിനേഷൻ, മാലിന്യം അടിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ ക്ലോറിനേഷൻ, മാലിന്യ സംസ്കരണം 
തുടങ്ങിയവയാണ് നടക്കുന്നത്. വെള്ളം അധികമായ ഇടങ്ങളിൽ വെള്ളം പമ്പ് ചെയ്ത് ഒഴുക്കി വിടുന്നുമുണ്ട്. പലയിടത്തും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധവും പുന:സ്ഥാപിച്ചു. 

എന്നാല്‍ വെള്ളം മുഴുവനായും ഇറങ്ങിയ ശേഷമേ പലരും വീടുകളിലേക്ക് മടങ്ങൂ എന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാണ്. നിലവിൽ ജില്ലയിൽ 16 ക്യാമ്പുകളിലായി 173 കുടുംബങ്ങളാണുള്ളത്. ഇതിൽ നാലെണ്ണം ക്വറന്റീൻ ക്യാമ്പും ഒരെണ്ണം കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾക്കുമുള്ളതാണ്. ചാലക്കുടി സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് ആണ് ഇത്തരത്തിൽ കോവിഡ് ബാധിതരായ വ്യക്തികളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. 28 പേരാണ് ഇവിടെയുള്ളത്. 

കടൽക്ഷോഭം രൂക്ഷമായ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട്, എടവിലങ്ങ്, മതിലകം, ശ്രീനാരായണപുരം പഞ്ചായത്തുകളിലായി 10 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 133 കുടുംബങ്ങളാണ് ഇവിടെയുള്ളത്. തൃശൂർ താലൂക്കിലെ ഏക ദുരിതാശ്വാസ ക്യാമ്പായ ഊരകം ഡി എം എൽ പി എസിൽ നാല് കുടുംബങ്ങളും ചാലക്കുടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 18 കുടുംബങ്ങളും ചാവക്കാട് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 18 കുടുംബങ്ങളുമുണ്ട്. 

കഴിഞ്ഞ നാല് ദിവസമായി നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 24 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നാല് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്ന നിലയിലാണ്. 9 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

date