Skip to main content

തീരമേഖലയിൽ അടിയന്തര സഹായം ഉറപ്പാക്കും: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

  എറണാകുളം: കടലാക്രമണം രൂക്ഷമായ ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിയന്തര സഹായങ്ങൾ ഉറപ്പാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കടൽ തീരത്തിനോട് ചേർന്നുള്ള വിടവുകൾ നികത്തുന്നതിനായി വലിയ യന്ത്രങ്ങൾ എത്തിക്കുന്നതിന് സഹായം നൽകും. തീരപ്രദേശത്ത് ശുദ്ധജല വിതരണം ഉറപ്പാക്കും.  മഴക്കാലം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. തീരമേഖലയിൽ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കും. 
    ട്രിപ്പിൾ ലോക്ക് ഡൗണിൽ അവശ്യ സേവന വിഭാഗങ്ങളുടെ തടസ്സമില്ലാത്ത സേവനം ഉറപ്പാക്കും. ആംബുലൻസുകൾ ഓക്സിജൻ വിതരണ വാഹനങ്ങൾ എന്നിവയുടെ സുഗമമായ യാത്ര ഉറപ്പാക്കും. ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലിക്കായുള്ള തൊഴിലാളികൾക്ക് യാത്രാനുമതി നൽകും.  പാൽ വിതരണത്തിലെ തടസങ്ങൾ നീക്കുന്നതിനായി മിൽമ ബൂത്തുകൾക്ക് പ്രവർത്തനാനുമതി നൽകും. വൈകീട്ട് 5 മണിവരെ പാൽ സംഭരണത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
    ഹോം  ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നവർ ഏഴ് ദിവസം കൂടുമ്പോൾ കോവിഡ് ആന്റിജൻ പരിശോധന നടത്തണം. ഏഴ് ദിവസ കാലാവധിയിൽ ആന്റിജൻ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് സേവനം നടത്താം. നഗര പ്രദേശങ്ങളിൽ ഉൾപ്പെടെ വീടുകൾക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിക്കുന്നതിന് യോഗത്തിൽ നിർദേശം നൽകി. 
     അമ്പലമുഗളിലെ  താത്കാലിക ഗവ. കോവിഡ് ആശുപത്രിയിൽ 20-ാം തീയതിയോടെ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ കൂടുതൽ ഓക്സിജൻ കിടക്കകൾ പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തടസമില്ലാത്ത ഒക്സിജൻ ലഭ്യത ഉറപ്പാക്കുന്ന ചികിത്സാ കേന്ദ്രം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നത്.  കൂടുതൽ സിലിണ്ടറുകൾ ലഭ്യമാകുന്ന മുറയ്ക്ക് സാമുദ്രികയിലെ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു.
   അവശ്യ വസ്തുക്കളുടെ വിൽപനയ്ക്കായി ഹോം ഡെലിവറി സംവിധാനം എല്ലാ ദിവസവും ഉപയോഗിക്കാം. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ , പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

date