Skip to main content

ഏറത്ത് പഞ്ചായത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുറന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറത്ത് പഞ്ചായത്തില്‍  ഡൊമിസിലിയറി കെയര്‍ സെന്റര്‍ (ഡിസിസി) പ്രവര്‍ത്തനം ആരംഭിച്ചു.  ചൂരക്കോട് ചരുവിള ഓഡിറ്റോറിയത്തിലാണ് ഏറത്ത് പഞ്ചായത്തിലെ ഡിസിസി പ്രവര്‍ത്തിക്കുക.
നിലവില്‍ എണ്‍പത് കിടക്കകളോട് കൂടിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. അതില്‍ നാല്‍പത്  വീതം കിടക്കകള്‍  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി സജ്ജീകരിച്ചിട്ടുണ്ട്. മതിയായ നഴ്‌സിംഗ് സ്റ്റാഫുകളെയും ക്ലീനിംഗ് സ്റ്റാഫുകളെയും  നിയമിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പ്രാദേശിക കമ്മിറ്റി രൂപവല്‍ക്കരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട്. ജാഗ്രതാ സമതികളും ഇവിടെ കൃത്യമായി ചേരുന്നുണ്ട്. കുടുംബങ്ങളെ ക്ലസ്റ്ററുകളാക്കി പ്രത്യേകം നിരീക്ഷണ സമിതികളും രൂപീകരിച്ചിട്ടുണ്ട്.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത്  പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. മനോജ്, റോഷന്‍ ജേക്കബ്, റോയി ഫിലിപ്പ്, ശ്രീജാ കുമാരി, മറിയാമ്മ തരകന്‍, വിജയകുമാര്‍, അനില്‍ പൂതക്കുഴി, ഉഷാ ഉദയന്‍, അഡ്വ. ഡി. രാജീവ്, ശോഭന കുഞ്ഞുകുഞ്ഞ്, എ. സ്വപ്ന, കെ. പ്രസന്നന്‍, കെ. മോഹനന്‍, രാജേഷ് മണക്കാല, ഡോ. ദിവ്യ, ബദറുദ്ദീന്‍, എ.എസ്. ഷൈലജ, അജിത, രാജേഷ് അമ്പാടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിരീക്ഷണത്തില്‍ കഴിയേണ്ടവരെ താമസിപ്പിക്കുന്നതിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് താമസം നല്‍കുന്നതിന് വേണ്ടിയാണ് ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങിയതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. നിലവില്‍ തുമ്പമണ്ണിലും ഇത്തരത്തില്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിലായി മറ്റ് പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.  നിയമസഭയില്‍ പ്രാധിനിധ്യം ഉള്ള രാഷ്ട്രീയ കക്ഷികളുടെ സര്‍വകക്ഷി യോഗം രണ്ട് ദിവസത്തിനകം ചേരുമെന്നും എംഎല്‍എ പറഞ്ഞു.

date