Skip to main content

കോവിഡ് പ്രതിരോധം: പ്രത്യേക പദ്ധതി തയ്യാറാക്കി  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ സജ്ജമാക്കുന്നതിനായി ഓരോ പഞ്ചായത്തിനും ഒരു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി പറഞ്ഞു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രവര്‍ത്തനത്തിനായി ആവശ്യമായ മരുന്നുകള്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപയുടെ പദ്ധതി മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കി ഡിഎംഒ യുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്‌സിനേഷന്‍ സൗകര്യങ്ങള്‍, കോവിഡ് ടെസ്റ്റിനുള്ള അനുബന്ധ സൗകര്യങ്ങള്‍ , മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ പദ്ധതി, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 70,000 രൂപയുടെ പദ്ധതി ഉള്‍പ്പെടെ ആകെ 17,70,000 രൂപയാണു വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പദ്ധതി ആയിട്ടാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. 

രോഗ സ്ഥിതി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബ്ലോക്ക്തല ദൈനംദിന അവലോകനം നടത്തി ആവശ്യ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞു. ബ്ലോക്ക് പരിധിയിലെ പ്രദേശങ്ങളിലെ കോവിഡ് രോഗബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവശ്യ സഹായങ്ങള്‍ എത്തിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി രോഗവ്യാപനം തടയുന്നതിനും വേണ്ട നടപടികള്‍ ഗ്രാമ പഞ്ചായത്തുകളുമായി ചേര്‍ന്നു സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അറിയിച്ചു.

ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ ടെലി മെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തി സന്നദ്ധ സേവകരുടെയും ഗ്രാമ-ബ്ലോക്ക് - ജില്ലാ പഞ്ചായത്ത്തല ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ രോഗത്തെ നേരിടാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തീരുമാനം എടുത്തു. 

ആരോഗ്യം - വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ സാലി ലാലു പുന്നക്കാട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. മായ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ബ്ലോക്ക് നോഡല്‍ ഓഫീസര്‍ ഡോ.ജിനു ജി തോമസ്, ഡോ.ശ്രീരാജ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date