Skip to main content

വാക്സിനുള്ള ആഗോള ടെണ്ടർ നടപടികൾ ആരംഭിക്കും -മുഖ്യമന്ത്രി

വാക്സിനുള്ള ആഗോള ടെണ്ടർ നടപടികൾ ആരംഭിക്കുകയാണെന്നും ടെണ്ടർ നോട്ടിഫിക്കേഷൻ തിങ്കളാഴ്ച തന്നെ ഇറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നു കോടി ഡോസ് വാക്സിൻ വിപണിയിൽ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.
18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കാണ് വാക്സിനേഷൻ ആദ്യം നൽകുക. അവർ കേന്ദ്ര ഗവണ്മന്റിന്റെ കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, അവിടെ സമർപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ചുകൊണ്ട്  www.covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുകയും വേണം. അതോടൊപ്പം ആ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത കോമോർബിഡിറ്റി ഫോം ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖകളോ സമർപ്പിച്ചാൽ അപേക്ഷ തള്ളിപ്പോകുന്നതായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഇതുവരെ 50,178 പേരാണ് അപേക്ഷകൾ സമർപ്പിച്ചത്. അതിൽ 45525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് അപേക്ഷകൾ സമർപ്പിക്കുന്നവർ നിർദേശങ്ങൾ തെറ്റുകൂടാതെ പാലിക്കാൻ ശ്രദ്ധിക്കണം. ചില പരാതികളും പ്രായോഗിക പ്രശ്നങ്ങളും ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവ പരിഗണിച്ചു എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ് 1573/2021

date