Skip to main content

കോവിഡ് ആശുപത്രികളിലെ ഓക്സിജന്‍ ഉപഭോഗവും സുരക്ഷാ ക്രമീകരണവും വിലയിരുത്താന്‍ ദ്രുത സുരക്ഷാ ഓഡിറ്റ് സംഘം

ആലപ്പുഴ: ജില്ലയിലെ‍ കോവിഡ് ആശുപത്രികളിലെ (സര്‍ക്കാര്‍, സ്വകാര്യ, ഇ.എസ്.ഐ, ഡി.സി.സികള്‍ ഉള്‍പ്പടെ) ഓക്സിജന്റെ ഫലപ്രദമായ ഉപയോഗവും ആശുപത്രികളിലെ സുരക്ഷാ സൗകര്യങ്ങളും വിലയിരുത്തുന്നതിന് ദ്രുത സുരക്ഷാ ഓഡിറ്റ് സംഘം രൂപീകരിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ജില്ലയിൽ നിലവിലുള്ള സാഹചര്യങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ശേഖരം ഇപ്പോഴുണ്ട്.  കോവിഡ് ആശുപത്രികളിലെ അനാവശ്യമായ ഓക്സിജന്‍റെ ഉപഭോഗം, ഓക്സിജന്‍ ലീക്ക്, തീപ്പിടിത്തം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം‍ എന്നിവ സംഘത്തിന്‍റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തും.  ഡെപ്യൂട്ടി കളക്ടർ ജെ മോബിയാണ് ടീം ലീഡര്‍.  ഫയർ ഓഫീസർ അഭിലാഷ്, പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ഐ നസീം,  ഇലക്ട്രിക്കൽ ഇൻസ്പെക്ടർ റാണി ജോസഫ്, ബയോമെഡിക്കൽ എൻജിനീയർ ജ്യോതിഷ്,   ഓരോ ആശുപത്രിയുടെയും പ്രതിനിധി എന്നിവരടങ്ങുന്നതാണ് ഓഡിറ്റ് സംഘം.  സംഘം രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.  ദീര്‍ഘകാല അടിസ്ഥാനത്തിലും അല്ലാതെയും കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാന്‍ പ്രത്യേക അടിയന്തിര ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന് ചുമതല നല്‍കിയത്.  സംഘവുമായി ബന്ധപ്പെടുന്നതിന് 8547610045 നമ്പറില്‍ ബന്ധപ്പെടാം.

date