Skip to main content

കോവിഡ് 19:  സ്ത്രീസൗഹൃദ കരുതൽ കൂട്ടായ്മയുമായി കരുവാറ്റ പഞ്ചായത്ത്

 

ആലപ്പുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്ത്രീ സൗഹൃദ മുഖം നൽകി കരുവാറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 15 വാർഡുകളിലും നടപ്പാക്കുന്ന ഈ കൂട്ടായ്മകൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വേറിട്ടു നിൽക്കുന്നു. വാർഡ് തലത്തിലെ 25 വീടുകളുടെ പ്രതിനിധിയായി ഒരു വനിത ഉണ്ടാകും. വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കും ഇവരെ ഉൾപ്പെടുത്തും. കോവിഡ് ബോധവൽക്കരണ സന്ദേശങ്ങളും അറിയിപ്പുകളും ഈ ഗ്രൂപ്പിലൂടെ ഇവരിലേക്കെത്തും. തുടർന്ന് വീട്ടമ്മയുടെ പരിധിയിൽ വരുന്ന 25 വീടുകളിൽ നടക്കുന്ന ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ, കോവിഡ് പ്രോട്ടോക്കോൾ ലംഘനം എന്നിവ ഈ ഗ്രൂപ്പിൽ അറിയിക്കണം. ഇതിലൂടെ പഞ്ചായത്ത്‌ തലത്തിലുള്ള ചടങ്ങുകൾ, കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടങ്ങിയ കാര്യങ്ങൾ വ്യക്തതയോടെ പഞ്ചായത്ത്‌ അധികൃതർക്ക് ലഭ്യമാകും.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ, ചെറിയ കൂട്ടായ്മയിലേക്ക് കൃത്യമായി എത്തിക്കാൻ സ്ത്രീ സൗഹൃദ കൂട്ടായ്മയിലൂടെ സാധിക്കും. ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണം കിട്ടാത്ത സാഹചര്യം, വീടുകളിലെ വളർത്തു മൃഗങ്ങളുടെ അവസ്ഥ തുടങ്ങിയവയും കൃത്യമായി വിലയിരുത്തി പരിഹാരം കാണാൻ ഇതീലൂടെ സാധിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അവ കാലതാമസം കൂടാതെ അറിയുവാനും പരിഹരിക്കാനും സൗഹൃദ കൂട്ടായ്മയിലൂടെ കഴിയുന്നുണ്ട്. കോവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ച് സാമൂഹിക വ്യാപനം അടക്കമുള്ളവ തടയുക എന്നതാണ് ഇതിലൂടെ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്.

date