Skip to main content

അധ്യായന വര്‍ഷാരംഭം- കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം

 

അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട സ്‌കൂള്‍, വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണെന്ന് എ.ഡി.എം. വി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ കെട്ടിടങ്ങളുടെയും മതിലുകളുടെയും സുരക്ഷ ഉറപ്പു വരുത്തണം. അറ്റകുറ്റപണികള്‍ നടത്തി പൂര്‍ണ്ണ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ ക്ലാസ് നടത്തരുത്. സ്‌കൂള്‍ കോമ്പൗണ്ടിലും പരിസരങ്ങളിലും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍, കൊമ്പുകള്‍ എന്നിവ വെട്ടിമാറ്റണം. സ്‌കൂള്‍ ഗേറ്റുകളുടെ വീതി ചുരുങ്ങിയത് 15 അടിയാക്കണം. മോട്ടേര്‍ വാഹന വകുപ്പിന്റെ ഫിറ്റ്‌നസ്സ് പരിശോധനക്ക് വിധേയമായി സര്‍ട്ടിഫിക്കറ്റ് നേടാത്ത സ്‌കൂള്‍ ബസുകള്‍, മറ്റു വാഹനങ്ങള്‍ കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കരുത്. മതിയായ പരിചയം ഇല്ലാത്തതും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ടവരുമായ ഡ്രൈവര്‍മാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കരുത്. സ്വകാര്യ ബസുകളില്‍ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തണം.
പ്രവേശനോല്‍സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഫ്‌ളക്‌സ് ഒഴിവാക്കി പരിസ്ഥിതി സൗഹൃദമാണെന്നു ഉറപ്പു വരുത്തണം. പൂവാല ശല്യം ഇല്ലെന്നു ഉറപ്പു വരുത്താന്‍ മഫ്തിയിലുള്‍പ്പെടെ പോലീസ് സാന്നിധ്യം വേണം. സ്‌കൂള്‍ പരിസരങ്ങളിലും മറ്റിടങ്ങളിലും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന ഇല്ലെന്നു ഉറപ്പു വരുത്തണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മഴക്കാല ജന്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണം. ആവശ്യമായ ടോയ്‌ലറ്റുകളുടെ ലഭ്യതയും ശുചിത്വവും ഉറപ്പാക്കണം. വാട്ടര്‍ ടാങ്കുകള്‍ കഴുകി വൃത്തിയാക്കണം. സ്‌കൂള്‍ പരിസരങ്ങളിലും സ്‌കൂള്‍ ബസ് സ്റ്റോപ്പുകളിലും സീബ്രാ ലൈനും സിസിടിവി നിരീക്ഷണവും ഉറപ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date