Skip to main content

കോവിഡ് പ്രവർത്തനങ്ങളിലെ ജനസേവനത്തിൽ പൊലീസിന് പുതിയ മുഖം - മുഖ്യമന്ത്രി ▪️ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാധാരണക്കാരനൊപ്പം നിന്ന കേരള പൊലീസിന് ജനസേവനത്തിന്റെ പുതിയ മുഖം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ക്ഷേത്രനഗരിയിലെ ആധുനികവൽക്കരിച്ച പുതിയ പൊലീസ് ആസ്ഥാനം ജന സൗഹാർദ്ദപരമായിരിക്കും. സ്റ്റേഷനിലെ വ്യത്യസ്തങ്ങളായ സൗകര്യങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിനനുസരിച്ചുള്ള മാറ്റം വരുത്തുന്നതിന് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുനൽകിയ ഗുരുവായൂർ ദേവസ്വം ബോർഡിനോടും അനുകൂല അനുമതി നൽകിയ ഹൈക്കോടതി നിലപാടിനോടും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. 3.24 കോടി ചെലവിൽ നിർമിച്ച സ്റ്റേഷൻ കെട്ടിടത്തിന് 2019 സെപ്റ്റംബറിലാണ് തറക്കല്ലിട്ടത്. അതിൽ 99 ലക്ഷം മുൻ എംഎൽഎയായ കെ വി അബ്ദുൽ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് നൽകിയത്.

അസി. പൊലീസ് കമ്മീഷണറുടെ കാര്യാലയം, പൊലീസ് സ്റ്റേഷൻ കൺട്രോൾ റൂം, പിൽഗ്രിം ആൻ്റ് പബ്ലിക് ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. രണ്ടു നിലയിൽ 6000 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം. ഗുരുവായൂരില്‍ ആദ്യമായാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ കാര്യാലയവും, ടെമ്പിള്‍ സ്റ്റേഷനും ഒരു കുടക്കീഴിലാകുന്നത്. ആകെ 50 ഓളം പൊലീസുകാരാണ് ടെമ്പിൾ സ്റ്റേഷനിലുള്ളത്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അണ്ടർഗ്രൗണ്ട് പാർക്കിംഗ്, വനിതാ പൊലീസുകാർക്ക് പ്രത്യേക വിശ്രമമുറി, സിസിടിവി ക്യാമറകൾ, വാർത്താവിനിമയത്തിന് പ്രത്യേക സംവിധാനങ്ങൾ, തൊണ്ടിമുതൽ സൂക്ഷിക്കാനും ആയുധങ്ങൾ സൂക്ഷിക്കാനുമായി പ്രത്യേകം സൗകര്യം, ലോക്കപ്പുകൾ, ഓഫീസർമാർക്കുള്ള മുറികൾ എന്നീ സൗകര്യങ്ങൾ പുതിയ പൊലീസ് സ്റ്റേഷനിലുണ്ട്. കൂടാതെ ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി എല്ലാ ബുധനാഴ്ചകളിലും വീഡിയോ കോൺഫറൻസ് വഴി ഉദ്യോഗസ്ഥരെ ലഭ്യമാക്കും. തീർത്ഥാടന കേന്ദ്രം എന്ന് ഗുരുവായൂരിലെ പ്രത്യേകത കൂടി കണക്കിലെടുത്തു കൊണ്ടാണ് പുതിയ പാലീസ് കെട്ടിടം നിർമിച്ചത്.

ഓൺലൈനായി ചേർന്ന ഉദ്ഘാടനത്തിൽ സംസ്ഥാന പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, എൻ കെ അക്ബർ എംഎൽഎ, വിജയ് എസ് സാഖറെ ഐപിഎസ്, അശോക് യാദവ് ഐപിഎസ്, എ അക്ബർ ഐപിഎസ്, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ആദിത്യ ഐപിഎസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

date