Skip to main content

കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്റെ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയവർക്ക് ധനസഹായം നൽകി

 

കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്റെ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയവർക്ക് ധനസഹായം നൽകി. ചാവക്കാട് നഗരസഭയിലെ കുടുംബശ്രീ- ദേശീയ നഗര ഉപജീവന മിഷൻ (NULM) സംഘടിപ്പിച്ച നൈപുണ്യ പരിശീലനവും നിയമനവും ഒപ്പം ഗുണഭോക്താക്കൾക്കുള്ള യാത്രാബത്ത, പരിശീലനാനന്തര നിയമനാനന്തര സഹായം എന്നിവയുടെ വിതരണോദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻയുഎൽഎം മാനേജർ രഞ്ജിത് അലക്സ് റിപ്പോർട്ട് അവതരിപ്പിച്ചു.

നൈപുണ്യ പരിശീലനവും നിയമനവും എന്ന ഘടക പരിപാടി നഗരസഭയിലെ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ആളുകളുടെ കുടുംബങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് നൽകിയത്. സൗജന്യ തൊഴിൽ പരിശീലനവും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പരിശീലനാന്തരം തൊഴിൽ നിയമനവും നൽകി വരുന്നുണ്ട്. കൂടാതെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന യുവതീ യുവാക്കൾക്കും, അംഗ പരിമിതർക്കും യാത്രാബത്തയും തൊഴിൽ നിയമനം ലഭിച്ചു 3 മാസം പൂർത്തിയാക്കുന്നവർക്ക് ഒറ്റത്തവണ നിയമനാനന്തര സഹായവും നൽകി വരുന്നു.

ചാവക്കാട് നഗരസഭയിൽ നിന്ന് തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 43 ഗുണഭോക്താക്കൾക്കുള്ള യാത്രാബത്ത ഇനത്തിൽ 1,53,210 രൂപയും 17 ഗുണഭോക്താക്കൾക്കുള്ള പരിശീലനാനന്തര നിയമനാനന്തര സഹായ ഇനത്തിൽ 49,500 രൂപയും വിതരണം ചെയ്തു. വൈസ് ചെയർമാൻ കെ കെ മുബാറക്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലിം, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, കുടുംബശ്രീ ചെയർപേഴ്സൺ പ്രീജ ദേവദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം ഷെമീർ, കൗൺസിലർമാർ, എൻയുഎൽഎം ഉദ്യോഗസ്ഥരായ രമ്യ, ഷിൻസി എന്നിവർ പങ്കെടുത്തു.

date