Skip to main content

ആരോഗ്യമന്ത്രി എച്ച്എംസി യോഗത്തില്‍ പങ്കെടുത്തു

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയാറാക്കാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി(എച്ച്എംസി) യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാര്‍ സഹായവും, എംഎല്‍എ ഫണ്ടും ഉപയോഗിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി  വീണാ ജോര്‍ജ് അറിയിച്ചു. ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് വരുന്ന ആഴ്ച  തുടക്കം കുറിക്കും.
നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്നത്. സബ് കമ്മിറ്റി തയാറാക്കുന്ന കരടിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ അനുമതിയോടെ അന്തിമരൂപം നല്‍കും. കാലപ്പഴക്കം ചെന്ന ചില കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുനീക്കി ബഹുനില സമുച്ചയം പണിയുന്നതിന് ആലോചനയുണ്ട്. ആശുപത്രിയുടെ വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത 17 സെന്റ് സ്ഥലത്ത് നബാര്‍ഡിന്റെ 10 കോടി രൂപ സഹായത്തോടെ ബഹുനില കെട്ടിട സമുച്ചയം നിര്‍മിക്കും. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.
സര്‍ക്കാര്‍ വിഹിതവും എംഎല്‍എ ഫണ്ടും ഉപയോഗിച്ച് 1.25 കോടി രൂപയുടെ 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മാണം ആരംഭിക്കും. ഐസിയു സൗകര്യം കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കുന്നത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പീഡിയാട്രിക് ഐസിയുവിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. വെന്റിലേറ്റര്‍ സൗകര്യം കൂടിയുള്ള ആറ് ഐസിയു ഓക്‌സിജന്‍ കിടക്കകള്‍ ഇവിടെ ഒരുക്കും. ഇവിടേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ആവശ്യമായ 20 ലക്ഷം രൂപ എന്‍എച്ച്എം നല്‍കും.
കാത്ത് ലാബിന് സമീപം ഏഴ് കിടക്കകളുള്ള പുതിയ ഐസിയു നിര്‍മിക്കാന്‍ എച്ച് എംസി യോഗം തീരുമാനിച്ചു. ഹൃദയസംബന്ധമായ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തീരുമാനമായി. പേ വാര്‍ഡ് അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കാന്‍ തീരുമാനിച്ചു. രോഗികള്‍ക്ക് വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുവാന്‍  സഹകരണമേഖലയില്‍ ആശുപത്രി വളപ്പില്‍ പുതിയ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിനും തീരുമാനമായി. ആശുപത്രിയില്‍ നിന്നും എച്ച്എംസി അനുമതി ഇല്ലാതെ മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തു എന്ന എച്ച്എംസി അംഗം പി.കെ. ജേക്കബിന്റെ പരാതിയില്‍ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ താജ് പോള്‍ പനക്കല്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ മന്ത്രിയായി ചുമതലയേറ്റ വീണാ ജോര്‍ജിന് എച്ച്എംസി കമ്മിറ്റി അഭിനന്ദനം അറിയിച്ചു. യോഗത്തില്‍ എച്ച്എംസി അംഗങ്ങള്‍, ഡിഎംഒ, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍, ആര്‍എംഒ തുടങ്ങിയവര്‍ പങ്കെടുത്തു

date