Skip to main content

ലഹരി വിരുദ്ധ ദിനാചരണം; ജില്ലാ തല ഉദ്ഘാടനം 26 ന് മന്ത്രി പി.രാജീവ് നിർവഹിക്കും 

 

കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷൻ്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിക്കും. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം 26 ന്  രാവിലെ 11 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വരുന്ന ഒരു വർഷത്തേക്ക് ജില്ലയിൽ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് ഒൺലൈനായി നടത്തുന്ന പരിപാടിയിൽ അഡ്വ.പി വി.ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ടി.എ. അശോക് കുമാർ ആമുഖ പ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തും. വടവുകോട് ബ്ലോക്ക് പ്രസിഡൻ്റ് വി.ആർ.അശോകൻ, വാഴക്കുളം ബ്ലോക്ക് പ്രസിഡൻ്റ് അൻവർ അലി തുടങ്ങിയവർ പങ്കെടുക്കും. 
''ഒൺലൈൻ പഠന കാലത്തെ  മാനസീകാരോഗ്യം '' എന്ന വിഷയത്തിൽ കുട്ടികൾക്കായി പ്രശസ്ത മനശ്ശാസ്ത്രഞ്ജർ നയിക്കുന്ന മുഖാമുഖത്തിന് ജില്ലയിൽ തുടക്കമാകും. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഒരു മാസം നീളുന്ന പ്രചാരണ -ബോധവൽക്കരണ പരിപാടികളാണ് ജില്ലയിൽ  സംഘടിപ്പിക്കുന്നത്. സ്കൂൾ, കോളജ്, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ നടത്തും. സർക്കാർ - സർക്കാരിതര സംഘടനകളുടെ സഹായത്തോടെ കൂടുതൽ താഴെ തട്ടിലേക്ക് ബോധവൽക്കരണ പരിപാടികൾ എത്തിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ നടത്താൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധ സന്നദ്ധ സംഘടനകൾക്കും ബന്ധപ്പെട്ട എക്സൈസ് റേഞ്ചോഫീസുകളുമായോ 0484-2390657,   9387824828എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date