Skip to main content

ജില്ലയിൽ കോവിഡ് അനാഥരാക്കിയ അഞ്ച് കുട്ടികൾക്ക് താങ്ങായി ജില്ലാ ശിശുസംരക്ഷണ കമ്മിറ്റി 

 

ആലപ്പുഴ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട ജില്ലയിലെ അഞ്ച് കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് വനിതാ ശിശുക്ഷേമ വകുപ്പ്. വള്ളികുന്നം, നീലംപേരൂർ എന്നീ പഞ്ചായത്തുകളിലെ രണ്ട് കുട്ടികളുടേയും കാർത്തികപ്പള്ളി പഞ്ചായത്തിലെ ഒരു കുട്ടിയുടെയും വിദ്യാഭ്യാസ ചിലവുകൾ ഉൾപ്പെടെയുള്ള സംരക്ഷണമാണ് വകുപ്പിന് കീഴിലുള്ള ജില്ലാ ശിശുക്ഷേമ യൂണിറ്റ് ഏറ്റെടുത്തിരിക്കുന്നത്. ഈ കുട്ടികൾക്ക് 18 വയസ്സ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ വീതം  വനിതാ ശിശു വികസന വകുപ്പിൽ നിന്നും നൽകും. കുട്ടിയുടെ നിലവിലെ രക്ഷകർത്താവിന്റെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ ഈ തുക എത്തും. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഉണ്ടാവും. കുട്ടികളുടെ ബിരുദ തലം വരെയുള്ള വിദ്യാഭ്യാസ ചിലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും നൽകുക.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ യോഗത്തിലാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ തീരുമാനം അറിയിച്ചത്. കോവിഡ് ബാധിച്ചു മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിന്റെ പശ്ചാതലത്തിലാണ് ജില്ലയിൽ ഇത്തരത്തിലുള്ള അഞ്ച് കുട്ടികളെ കണ്ടെത്തിയത്. ജില്ലയിലെ ശിശു സംരക്ഷണ യൂണിറ്റിന്റെ പ്രവർത്തനങ്ങളും ഓൺലൈനായി ചേർന്ന യോഗത്തിൽ വിലയിരുത്തി. കുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങളിൽ ജില്ലയിൽ 76 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പീഡനത്തിന് ഇരകളായ കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ്, മറ്റ് സഹായങ്ങൾ, എന്നിവ ഉറപ്പാക്കാനും സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

തെരുവിൽ അലയുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന 'ശരണബാല്യം' പദ്ധതിയും ജില്ലയിൽ വിജയകരമായി നടന്നു വരുന്നു. 2020 ഏപ്രിൽ മുതൽ ഇതുവരെ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി 16 കുട്ടികളെ പുനരധിവസിപ്പിക്കാൻ സാധിച്ചു.  ഇവരെ ജില്ലയിലെ വിവിധ ചിൽഡ്രൻസ് ഹോമുകളിൽ പാർപ്പിച്ചിട്ടുണ്ട്. സ്കൂളുകളിൽ കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കി നടപ്പാക്കുന്ന 'ഔർ റെസ്പോൺസിബിലിറ്റി ഫോർ ചിൽഡ്രൻ '(ഒ. ആർ. സി ) യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജലജ ചന്ദ്രൻ, ജില്ലാ വനിതാ ശിശു വികസന ഓഫിസർ എൽ. ഷീബ, ശിശു സംരക്ഷണ ഓഫിസർ റ്റി. വി. മിനിമോൾ, ജ്യുവനെയിൽ ജസ്റ്റിസ് ബോർഡ് അംഗം ഗീതാ മണിലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

date