Skip to main content

പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ നമുക്ക്  നിലനില്‍പ്പില്ല: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ നമുക്ക് നിലനില്‍പ്പില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹരിതോത്സവത്തിന്‍റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളിലേക്ക് പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം പകര്‍ന്നു നല്‍കണം. പ്രകൃതിയെ ശ്രദ്ധയോടെ വീക്ഷിച്ച് പല കാര്യങ്ങളും പുതുതലമുറ പഠിച്ചെടുക്കണം.  പ്രകൃതിയെ ഇല്ലായ്മ ചെയ്തിട്ട് പിന്നീട് പ്രകൃതിയെ കുറിച്ച് ഓര്‍ത്ത് വിലപിച്ചിട്ടു കാര്യമില്ല. വീട്ടുവളപ്പില്‍ ഒരു ചെടിയെങ്കിലും വച്ചു പിടിപ്പിക്കുകയും സ്കൂളുകളില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിയെ വീണ്ടെടുക്കുവാന്‍ പുതുതലമുറയ്ക്കു കഴിയും. പ്രകൃതിയെ ചൂഷണം ചെയ്യാതെ പരിപോഷിപ്പിച്ചു കൊണ്ട് മാനവരാശിക്ക് പുതുവഴി തെളിയിക്കുവാന്‍ ഹരിതോത്സവത്തിലൂടെ കഴിയണം. പ്രകൃതിയിലേക്ക് മടങ്ങി ചെന്ന് സുരക്ഷിതമായ അന്തരീക്ഷത്തില്‍ വിദ്യ നേടുവാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയട്ടെയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ഡയറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വൃക്ഷത്തൈ നട്ടു. 
    വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ കത്ത് ഉള്‍പ്പെടുന്ന കൈപ്പുസ്തകങ്ങളായ ജീവിത പാഠത്തിന്‍റെയും പാഠത്തിനപ്പുറത്തിന്‍റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എസ്. വി. സുബിന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായി വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ബിജു ലങ്കാഗിരി വിദ്യാര്‍ഥി പ്രതിനിധികള്‍ക്കു നല്‍കി നിര്‍വഹിച്ചു. പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം സാം ഈപ്പന്‍ നിര്‍വഹിച്ചു. മികച്ച ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള ക്യാഷ് അവാര്‍ഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഗോപി വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ വാര്‍ഡ് കൗണ്‍സിലര്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു.      തിരുവല്ല നഗരസഭ അധ്യക്ഷന്‍ കെ.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.  നഗരസഭ പ്രതിപക്ഷ നേതാവ് എം.പി. ഗോപാലകൃഷ്ണന്‍, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. ആര്‍. വിജയമോഹനന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി. ലീലാ കൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എ. ശാന്തമ്മ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. പ്രസീന, ബിപിഒ ആര്‍. രാഗേഷ്, ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ യു.ഷാജഹാന്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ.പി. ജയലക്ഷ്മി, പി.എ. സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു. (പിഎന്‍പി 1435/18)

date