Skip to main content

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു  ഇടുക്കി പാക്കേജിനു മുന്‍ഗണന, കാലവര്‍ഷ ജാഗ്രത സുസജ്ജം

 

 ഇടുക്കി ജില്ലയില്‍ വിവിധ പദ്ധതികള്‍ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന സമിതിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ യോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എം എല്‍ എമാരായ പി. ജെ. ജോസഫ്, വാഴൂര്‍ സോമന്‍, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വൈസ്പ്രസിഡന്റ് ഉഷാകുമാരി ടീച്ചര്‍, ജില്ലാ വികസന സമിതി കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, വിവിധ തദ്ദേശസ്വയംഭരണ സമിതികളുടെ ഭാരവാഹികള്‍, വിവിധ വകുപ്പു പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 കാലവര്‍ഷവും ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട വിഷയങ്ങളും കോവിഡ് നടപടികളും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായി. മുല്ലപ്പെരിയാറില്‍ നിലവില്‍ ജലനിരപ്പ് 136 അടി പിന്നിട്ടെങ്കിലും മഴ കുറയുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു യോഗം വിലയിരുത്തി. അടിയന്തിര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും ഒരുക്കിക്കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. ഡാമുകളുടെ ജലനിരപ്പിന്റെ കാര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കണമെന്നും മന്ത്രി കെ എസ ഇ ബിക്കു നിര്‍ദേശം നല്‍കി. കാലവര്‍ഷം മൂലം ജില്ലയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നുവെന്ന പരാതികള്‍ ഒട്ടും വൈകാതെ പരിഹരിക്കണം. 

 കോവിഡ് സ്ഥിതി ആശങ്കാജനകമല്ലെങ്കിലും ചില പഞ്ചായത്തുകളില്‍ സി, ഡി കാറ്റഗറി മാറ്റമില്ലാതെ നില്‍ക്കുകയാണ്. ഇവിടങ്ങളില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിക്കും. നിലവില്‍ 7 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് ഉണ്ട്. ഇവയുടെ പ്രയോജനം ഈ പഞ്ചായത്തുകളില്‍ ലഭ്യമാക്കി മാസ് പരിശോധന നടത്തും. ഇപ്പോള്‍ ജില്ലയുടെ പരിശോധനാ നിരക്ക് 8.3 ശതമാനമാണ്. അത് 5ല്‍ താഴെയായി കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തണം. കടകള്‍ തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിന് അനുസൃതമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മറ്റു ജില്ലകളിലെപ്പോലെ വലിയ പട്ടണങ്ങള്‍ ഇടുക്കിയില്‍ ഇല്ല എന്നത് രോഗവ്യാപന സാധ്യതയെ തടയുന്നതാണ്. ജനങ്ങള്‍ ഒരേസ്ഥലത്ത് ഒരേസമയത്ത് കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്ന തരത്തില്‍ നിശ്ചിത സമയക്രമത്തില്‍ കടകള്‍ തുറക്കുന്ന ക്രമീകരണങ്ങള്‍ സ്വീകരിക്കും.

കാലവര്‍ഷ സാഹചര്യത്തില്‍ അപകട നിലയിലുള്ള മരങ്ങള്‍ ഇനിയും ഉണ്ടെങ്കില്‍ അവ മുറിച്ചുമാറ്റേണ്ടതാണ്. വശം ഇടിഞ്ഞ റോഡുകളില്‍ വേണ്ടത്ര മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണം. വെള്ളക്കെട്ടുണ്ടാകാതിരക്കാന്‍ ഇനിയും തെളിക്കാത്ത ഓടകള്‍ വൃത്തിയാക്കാന്‍  തയാറാകണം. കാറ്റില്‍ വലിയ നഷ്ടം സംഭവിച്ച കോടിക്കുളം പഞ്ചായത്തിനായി പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

 വിദ്യാതരംഗിണി പദ്ധതിയനുസരിച്ച് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് വായ്പാകുടിശിക വിഷയമാക്കരുതെന്ന് സഹകരണ ബാങ്കുകള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. 

 ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകള്‍ ആഗസ്റ്റ് 15 നകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ട് ജില്ലാതല ഉന്നതതല യോഗം ചര്‍ച്ച ചെയ്ത ശേഷം ക്രോഡീകരിച്ചു സര്‍ക്കാരിന് സമര്‍പ്പിക്കും. 

 കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായവര്‍ക്കായി നടത്തിയ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിവിധ രക്ഷാവിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ അഭിനന്ദനം മന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. പൊലീസിന്റെ കൂടി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മതിയെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 

അടുത്ത ജനുവരിയില്‍ ഇടുക്കി ജില്ലയുടെ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലിക്ക് പ്രത്യേക ആഘോഷ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന വാഴൂര്‍ സോമന്‍ എം എല്‍ എയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.

 ജില്ലയുടെ പല മേഖലകളിലും കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരുന്നതായി ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. പെരുവന്താനം, വണ്ടിപ്പെരിയാര്‍, കുമളി, ശാന്തന്‍പാറ, രാജകുമാരി, ചിന്നക്കനാല്‍, ദേവികുളം, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, പള്ളിവാസല്‍, അടിമാലി എന്നിവിടങ്ങളില്‍ കാട്ടാനകള്‍ കൃഷിയും നിര്‍മിതികളും നശിപ്പിക്കുന്നു. വനംവകുപ്പുമായി ആലോചിച്ച് സോളാര്‍ ഹാംഗിംഗ് വേലികള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് വനംവകുപ്പിന് യോഗം നിര്‍ദേശം നല്‍കി. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇത്തരത്തില്‍ നടപ്പിലാക്കുന്നുണ്ടെന്ന് കോതമംഗലം ഡി എഫ ഒ കണ്ണന്‍ അറിയിച്ചു.

 പട്ടയമില്ലാത്ത കൈവശ കൃഷിഭൂമിയില്‍ തൊഴിലുറപ്പ് പരിപാടിയുടെ ഭാഗമായി ട്രഞ്ച് കുഴിക്കുന്നതിനെ വനംവകുപ്പ് എതിര്‍ക്കുന്നതായി വ്യാപക പരാതിയുണ്ടെന്ന് എം പി പറഞ്ഞു. ഏലമലക്കാടുകളില്‍ നടത്തിവരുന്ന സാമ്പിള്‍ പ്ലോട്ട് സര്‍വെ പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മരങ്ങളുടെയും മറ്റ് പ്രധാന സസ്യങ്ങളുടെയും കണക്കെടുപ്പിന്റെ ഭാഗം മാത്രമാണെന്നും ഡി എഫ് ഒ പറഞ്ഞു. ഇതു സംബന്ധിച്ച മറ്റ് പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ചില ട്രൈബല്‍ മേഖലകളില്‍ റോഡ്, മറ്റ് നിര്‍മിതികളുടെ കാര്യത്തിലും പുനപരിശോധന വേണമെന്ന് എം പി നിര്‍ദേശിച്ചു.

  റോഡരികിലെ അപകട മരങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ച് റവന്യൂ, വനം, പഞ്ചായത്ത് സംയുക്ത പരിശോധനയ്ക്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ദേവികുളം താലൂക്കില്‍ പട്ടയം നല്‍കുമ്പോള്‍ ഇടുക്കി ജില്ലക്കാര്‍ക്കു മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി നടപടി സ്വീകരിച്ചുവരുകയാണ്. ഇക്കാര്യത്തിലുള്ള അപേക്ഷകള്‍ പരിശോധിച്ചുവരുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.   
 ഇടുക്കി പാക്കേജില്‍ കാര്‍ഷികം, മണ്ണ് സംരക്ഷണം, ക്ഷീരവികസനം, മൃഗസംരക്ഷണം, കുടിവെള്ളം, ഗ്രാമീണ റോഡുകളുടെ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് പി ജെ. ജോസഫ് എം എല്‍ എ നിര്‍ദേശിച്ചു. 

 വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂളില്‍ ഇപ്പോള്‍ ഒമ്പത് ക്ളാസ് മുറികളുടെ കുറവുണ്ടെന്നും കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം ക്ലാസ് തുടങ്ങുമ്പോള്‍ ഇത് കുട്ടികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്നും വാഴൂര്‍ സോമന്‍ എം എല്‍ എ അറിയിച്ചു. അതുപോലെ ഹെയ്ലി ബറിയ റോഡ് ഉള്‍പ്പെടെ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനും നടപടികള്‍ വേണം. 

 കാലവര്‍ഷത്തെത്തുടര്‍ന്ന് മൂന്നാര്‍ ദേവികളും മേഖലകളില്‍ മണ്ണിടിച്ചിലും റോഡു തകര്‍ച്ചകളും ഉണ്ടായെന്ന് എ രാജ എം എല്‍ എ അറിയിച്ചു. ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ നിര്‍ദേശിച്ചു. 

 ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. ജില്ലയില്‍ ഫലവൃക്ഷകൃഷി വ്യാപനം, മാംസ ഉത്പാദന ഫാമുകള്‍, കാര്‍ഷിക മേഖലയുടെ ഘടനാപരമായ മാറ്റം, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉദ്പാദനം, വാട്ടര്‍ ടൂറിസ വികസനം , ഏലപ്പാറ, കൊക്കയാര്‍ എന്നിവിടങ്ങളില്‍ മികച്ച ആരോഗ്യ സംവിധാനം, ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മിനി വിമാനത്താവളം, ഉന്നത നിലവാരമുളള വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വര്‍ധന, കീടനാശിനി,രാസവളം ഉപയോഗം കുറയ്ക്കല്‍, പെഡല്‍ ടൂറിസം തുടങ്ങിയ സാധ്യതകളും ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉഷാകുമാരി ടീച്ചര്‍ നിര്‍ദേശിച്ചു. തോട്ടം മേഖലയില്‍ കുത്തരിക്കു പകരം വെള്ള അരി കൊടുക്കണമെന്ന നിര്‍ദേശം പരിഗണിക്കാന്‍ യോഗം തീരുമാനിച്ചു.

date