Skip to main content

കോവിഡ് പ്രതിരോധം ഉറപ്പാക്കി വികസന പദ്ധതികളുടെ  നിര്‍വ്വഹണം ത്വരിതപ്പെടുത്തണം- ജില്ലാ വികസന സമിതി

കോവിഡ് പ്രതിരോധം ഉറപ്പാക്കിക്കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണം ത്വരിതപ്പെടുത്താന്‍  ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം നിലവില്‍ നടന്നുവരുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി. 

ഗവണ്‍മെന്‍റ് ചീഫ് വിപ്പ്  ഡോ. എന്‍. ജയരാജ്,  എം.എല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍ എന്നിവര്‍ തങ്ങളുടെ നിയോജക മണ്ഡലങ്ങളില്‍  അടിയന്തരമായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കി.  
 
റോഡ് വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍,  കുടിവെള്ള വിതരണ പദ്ധതികള്‍ക്കായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍,   സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം,  പട്ടയ വിതരണ നടപടികള്‍, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെയും കൃഷിയുടെയും സംരക്ഷണം ഉറപ്പുവരുത്തല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. 

കോവിഡ് സാഹചര്യത്തില്‍ വികസന മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും  പ്ലാന്‍ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനും   മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. 

മുന്‍പു നടന്ന ജില്ലാ വികസന സമിതിയോഗങ്ങളിലെ തീരുമാനങ്ങളില്‍ സ്വീകരിച്ച  തുടര്‍ നടപടികള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു വിശദീകരിച്ചു. 

എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട്, എം.എല്‍.എമാരുടെ പ്രത്യേക സഹായ നിധി, ആസ്തി വികസന ഫണ്ട് എന്നിവയുടെ വിനിയോഗവും തദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍,  വിവിധ വകുപ്പുകളുടെ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ എന്നിവയുടെ   നിര്‍വ്വഹണ പുരോഗതിയും യോഗം അവലോകനം ചെയ്തു.

സംസ്ഥാന പ്ലാന്‍ ഫണ്ട് 11189.34 ലക്ഷം രൂപ വിനിയോഗിച്ച് 40 വകുപ്പുകള്‍ മുഖേന 149 പദ്ധതികളാണ് ജില്ലയില്‍ ഈ വര്‍ഷം  നടപ്പാക്കി വരുന്നത്. പൊതുമരാമത്ത് നിരത്തു വിഭാഗം, കെട്ടിട വിഭാഗം, വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍, കോട്ടയം, കടുത്തുരുത്തി, തിരുവല്ല പി.എച്ച് ഡിവിഷനുകള്‍, ലേബര്‍ഓഫീസ്, മേജര്‍ ഇറിഗേഷന്‍, മണ്ണ്  സംരക്ഷണം എന്നീ വകുപ്പുകളാണ്  പദ്ധതി തുകയുടെ നൂറ് ശതമാനവും വിനിയോഗിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

date