Skip to main content

സാക്ഷര ജനത ഊർജ്ജസംരക്ഷണ രംഗത്തും സാക്ഷരരാകണം- പി കെ ഡേവിസ് മാസ്റ്റർ

 

 

അക്ഷര സാക്ഷരതയിൽ 100 ശതമാനവും വിജയം നേടിയ കേരളീയർ ഊർജ്ജ സംരക്ഷണ രംഗത്തും സാക്ഷരത കൈവരിക്കണമെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററും കുടുംബശ്രീയുമായി ചേർന്ന് തുടങ്ങുന്ന ഊര്‍ജ്ജശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. ഊർജ്ജ സംരക്ഷണം കാലിക പ്രസക്തമായ വിഷയമാണെന്നും ഊർജ്ജത്തിൻ്റെ ഉപഭോഗവും ദുരുപയോഗവും നിയന്ത്രിക്കുന്നതിൽ ഊർജ്ജരംഗത്തും സാക്ഷരതാ പ്രസ്താനത്തിന് രൂപം കൊടുക്കേണ്ടതുണ്ടെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. 

 

തൃശൂര്‍ ജില്ലയെ സമ്പൂര്‍ണ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ജില്ലയായി മാറ്റുക എന്ന് ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററും കേരള കുടുംബശ്രീയുമായി സഹകരിച്ചാണ് ''ഊര്‍ജ്ജ ശ്രീ'' പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതോടെ ഊര്‍ജ്ജ മേഖലയില്‍ സ്ത്രീ ശാക്തീകരണം നടപ്പാക്കുന്നതിനും പദ്ധതിക്കാകും. 

 

പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 4 ലക്ഷം കുടുംബശ്രീ അയൽക്കൂട്ട കുംടുംബങ്ങളിൽ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം എത്തിക്കുകയും  'ഒരു ദിവസം ഒരു യൂണിറ്റ് സംരക്ഷണം' എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്യും. ഇതോടെ ജില്ലയിൽ ഒരു ദിവസം 4 ലക്ഷം യൂണിറ്റ് വൈദ്യുതി സംരക്ഷിക്കാനാകും.

 

സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തൃശൂര്‍ ഘടകത്തിൻ്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ഇതിനോടകം സംഘടിപ്പിച്ചു വരുന്നുണ്ട്. ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിദ്യാർത്ഥികളിലൂടെ ഊർജ്ജ സംരക്ഷണ ബോധവൽക്കരണം ലക്ഷ്യമിടുന്ന ഊർജ്ജയാൻ പദ്ധതിയും ഇതിൻ്റെ ഭാഗമായാണ് നടക്കുന്നത്. ഇതിന് പുറമെ അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകള്‍, ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ നിര്‍മാണം, ഇവയ്ക്കുള്ള പരിശീലനം, വനിതാ സംരംഭങ്ങള്‍ ഊര്‍ജ്ജ കാര്യക്ഷമമാക്കാനുള്ള പരിശീലനം, ഊര്‍ജ്ജ ഓഡിറ്റ്, സംസ്ഥാന സര്‍ക്കാരിന്റെ ഗോ ഇലക്ട്രിക്ക് ക്യാമ്പയില്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാനാണ് എനര്‍ജി മാനേജ്മന്റ് സെന്ററിൻ്റെ ലക്ഷ്യം.

 

ഓൺലൈനായി നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം അഹമ്മദും കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാറും മുഖ്യാതിഥിയായി പങ്കെടുത്തു. കേരള എനര്‍ജി മാനേജ്മന്റ് സെന്റര്‍ ഇഇഡി ഡിവിഷൻ ഹെഡ് ജോൺസൻ ഡാനിയൽ വിഷയാവതരണം നടത്തി. 

 

എനര്‍ജി മാനേജ്മന്റ് സെന്റര്‍ ഉര്‍ജ്ജശ്രീ പദ്ധതി തൃശൂർ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ടി വി വിമല്‍കുമാര്‍ സ്വാഗതവും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു. 

date