Skip to main content

സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താൻ മാസ്റ്റർപ്ലാൻ രൂപീകരിക്കും -കലക്ടർ 

 

 

സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങൾ തടയാനുള്ള നയങ്ങൾ കൊണ്ടുവരാനും മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്ന് 

കലക്ടർ ഹരിത വി കുമാർ.

സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തീരുമാനം.

നിലവിൽ സജീവമായ സർക്കാർ- സർക്കാരേതര സംവിധാനങ്ങൾ സംയോജിപ്പിച്ചുകൊണ്ട് മാസ്റ്റർ പ്ലാൻ രൂപീകരിച്ച് ഉടൻ 

യോഗം വിളിച്ചു ചേർക്കുമെന്ന് യോഗത്തിൽ 

കലക്ടർ ഉറപ്പുനൽകി.

 

ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ 

വുമൺ പ്രൊട്ടക്ഷൻ ഓഫീസ് മുഖേന സ്ത്രീകൾക്ക് ലഭിക്കുന്ന സേവനങ്ങൾക്കൊപ്പം വുമൺ പ്രൊട്ടക്ഷൻ ഓഫീസ് പ്രവർത്തനങ്ങളുടെ അവലോകനവും സ്ത്രീസുരക്ഷയ്ക്കായി മറ്റു വകുപ്പുകൾ മുഖേന നൽകുന്ന സഹായ പദ്ധതികളും  ചർച്ചചെയ്തു.

 

ഇരിങ്ങാലക്കുടയിൽ

24 മണിക്കൂറും പ്രവർത്തിക്കുന്ന 

സഖി വൺ സ്റ്റോപ്പ് സെൻ്ററിന്റെ പ്രവർത്തനം നിർണായകമാണെന്നും 

സമൂഹത്തിലെ എല്ലാ തുറയിലേക്കും ബോധവൽക്കരണം എത്തിക്കാൻ 'പ്രതീക്ഷ' എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും 

വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ലേഖ.എസ് അറിയിച്ചു.

 

ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കപ്പുറം ഒരു പെൺകുഞ്ഞിന്റെ അമ്മ എന്ന നിലയിലും സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയത്തെ അതീവ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് കലക്ടർ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൽ താഴെക്കിടയിൽ ഉള്ളവർക്ക് സ്ത്രീസുരക്ഷയ്ക്കുള്ള സർക്കാർ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം എത്തിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും കലക്ടർ അഭിപ്രായപ്പെട്ടു. വുമൺ പ്രൊട്ടക്ഷൻ ഓഫീസ് മുഖേനയും ജാഗ്രതാ സമിതികൾ മുഖേനയും താഴെക്കിടയിലുള്ള ജനങ്ങളിലേക്ക് ബോധവത്കരണ പ്രവർത്തനങ്ങൾ 

എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു.

സ്ത്രീ സുരക്ഷ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് അസിസ്റ്റന്റ് കലക്ടർ സൂഫിയാൻ മുഹമ്മദിനെ 

കലക്ടർ ചുമതലപ്പെടുത്തി.

പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന പീഡന പരാതികൾ ഉടൻ ഒത്തുതീർപ്പാക്കുന്നതിന് പകരം 

ഗൗരവമുള്ള കേസുകൾ തിരിച്ചറിഞ്ഞ് എഫ്ഐആർ നടപടികൾ എടുക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനും യോഗത്തിൽ ധാരണയായി.

 

കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി രൂപീകരിച്ച 'സ്നേഹിത' ജെൻഡർ ഹെൽപ് ഡെസ്കിന്റെ  പ്രവർത്തനങ്ങൾ കുടുംബശ്രീ കോഡിനേറ്റർ ജ്യോതിഷ്കുമാർ വിവരിച്ചു.

ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീകളെ പുനരധിവസിപ്പിക്കാനുള്ള ഇടങ്ങൾ വിപുലപ്പെടുത്തണം എന്ന് വിവിധ എൻജിഒ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ ശിശു വികസന ഓഫീസർ ചിത്രലേഖ,

ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ്, സഖി വൺ സ്റ്റോപ്പ്‌ സെന്റർ അഡ്മിനിസ്ട്രേറ്റർ ചിത്ര കെ, റൂറൽ എസ് പി പൂങ്കുഴലി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ സണ്ണി ജോർജ്, വനിതാ ശിശു സംരക്ഷണ വിഭാഗങ്ങളുടെ പ്രതിനിധികൾ, എൻജിഒ ഭാരവാഹികൾ, പൊലീസ് അധികൃതർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 

--

date