Skip to main content

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിര്‍മ്മാണം; പള്ളാത്തുരുത്തി പടിഞ്ഞാറെ പാലം പൊളിച്ചു

 

ആലപ്പുഴ: കെ എസ് ടി പി കൊട്ടാരക്കര ഡിവിഷന്‍ അധീനതയിലുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി സെമി എലിവേറ്റഡ് ഹൈവേയാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി പള്ളാത്തുരുത്തി പടിഞ്ഞാറേ പാലം പൊളിച്ചു. പൊങ്ങ പാലവും ഉടന്‍ പൊളിക്കാനാരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. പാലം നിര്‍മാണം തുടങ്ങിയ സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ ഇപ്പോള്‍ എ സി റോഡിലൂടെ കടത്തിവിടുന്നില്ല.

കൈതവനക്ക് സമീപമുള്ള പള്ളാത്തുരുത്തി പടിഞ്ഞാറേ പാലം പൊളിച്ചതോടെ പാലത്തിന്റെ വടക്കുഭാഗത്തായി താല്‍ക്കാലിക ബണ്ടു നിര്‍മ്മിച്ച് അതിലൂടെ ചെറിയ വാഹനങ്ങള്‍ നിയന്ത്രിതമായ രീതിയില്‍ കടത്തിവിടുന്നു. ചങ്ങനാശ്ശേരി മുതല്‍ എസ്ഡി കോളേജ് മുക്കുവരെ യൂട്ടിലിറ്റി ഡക്ട് നിര്‍മാണവും ധൃത ഗതിയില്‍ പുരോഗമിക്കുകയാണ്.

പള്ളാത്തുരുത്തി പടിഞ്ഞാറേ പാലത്തിന്റെ നിര്‍മാണത്തിനുള്ള 14 ഗര്‍ഡറുകള്‍ നിലവില്‍ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പാലം പൂര്‍ണമായി പൊളിച്ച ശേഷം പൈന്‍ ക്യാപ്പ് ചെയ്തു ഗര്‍ഡറുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുക. മൂന്നുമാസം കൊണ്ട് രണ്ടു പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്നാണ് കരുതുന്നത്. നിലവില്‍ പള്ളാത്തുരുത്തി പടിഞ്ഞാറെ പാലത്തിലെ പൈലിങ് ആരംഭിച്ചുകഴിഞ്ഞാല്‍ പൊങ്ങ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന നടപടികളിലേക്ക് കടക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ജല ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസി കൈതവന വരെ സര്‍വീസ് നടത്തുന്നുണ്ട്. ചങ്ങനാശേരിയില്‍നിന്നും പള്ളാത്തുരുത്തി പടിഞ്ഞാറേ പാലം വരെയും കെ.എസ്.ആര്‍.ടി.സി തിങ്കളാഴ്ച സര്‍വീസ് നടത്തിയിരുന്നു. പൊങ്ങ പാലം പണി ആരംഭിക്കുന്നതിന് മുന്നോടിയായി അവിടെയും ഗതാഗതം മാറ്റി വിടുന്നതിനുള്ള ക്രമീകരണങ്ങളും കരാറുകാര്‍ പൂര്‍ത്തീകരിച്ചുവരുകയാണ്.
 

date