Skip to main content

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നേരത്തെ പൊതുമരാമത്ത് വകുപ്പിൽ ഈ രീതിയിൽ നിരക്ക് അനുവദിച്ചിട്ടുണ്ട്. പ്രവൃത്തികൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് തദ്ദേശ സ്വയംഭരണവകുപ്പിലും നിരക്ക് വർധിപ്പിക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിരക്ക് കുറവാണെന്ന കാരണത്താൽ പ്രവൃത്തികൾ ഏറ്റെടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ നിരക്ക് കൂടുതൽ ലഭിക്കുമെന്നതിനാൽ ജോലികൾക്ക് തടസ്സമുണ്ടാവുന്ന അവസ്ഥ ഇല്ലാതാവുമെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും കോൺട്രാക്ടർമാരുടെ സംഘടനകളും നിരക്ക് വർധനവ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. അവരുടെ ആവശ്യം പരിഗണിക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ തോതിൽ അധിക ബാധ്യത വരാത്ത രീതിയിലാണ് വർധനവ് വരുത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3346/2021

date