Skip to main content

ചരിത്രം കുറിച്ച് വീണ്ടും 'ലൈഫ്'; 10,000 ഗൃഹപ്രവേശം ഇന്ന്(18 സെപ്റ്റംബർ)

സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ 10,000 വീടുകൾ കൂടി അടയാളപ്പെടുത്തുകയാണു സംസ്ഥാന സർക്കാർ. ഇന്ന് (18 സെപ്റ്റംബർ) ഉച്ചയ്ക്ക് 12നു മുഖ്യമന്ത്രി പിണറായി വിജയൻ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തുമ്പോൾ നൂറു ദിന കർമ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒരു ഇനം കൂടി നടപ്പിലാക്കപ്പെടും.

 

2016 -2021 കാലയളവിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 26,2131 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതിനു പുറമെ 17 ഭവന സമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. 2021- 2026 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കി അഞ്ചു ലക്ഷം വ്യക്തിഗത വീടുകൾ നിർമിക്കുന്നതിനാണു സർക്കാർ ലക്ഷ്യമിടുന്നത്.

 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ നവകേരളം കർമ പദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പി.ബി. നൂഹും പങ്കെടുക്കും.

date