Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

15 വരെ ഓറഞ്ച് അലര്‍ട്ട്

ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 15 വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഒക്ടോബര്‍ 15 വരെ  കേരള- ലക്ഷദ്വീപ്-കര്‍ണാടക  തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അസംഘടിത തൊഴിലാളി രജിസ്‌ട്രേഷന്‍ തുടങ്ങി

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. 16 മുതല്‍ 59 വരെ പ്രായമുള്ള പി എഫ്-ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത തൊഴിലാളികള്‍ ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക്ക് ഓതെന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ സഹിതം ഒക്ടോബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത വിവരം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നേരിട്ടറിയിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

കെല്‍ട്രോണ്‍: അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അക്കൗണ്ടിങ്ങ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി,എംഎസ് ഓഫീസ്, മൂന്നു മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ്  ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്ങ് (എട്ട് മാസം) എന്നിവയാണ് കോഴ്‌സുകള്‍. എസ് എസ് എല്‍സി/പ്ലസ് ടു/ഡിഗ്രി/പിജി. താല്‍പര്യമുള്ളവര്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍:04602 2205474,9072459.

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം എട്ട്, ഒമ്പത്, 10, പ്ലസ് വണ്‍/ബിരുദം, ബിരുദാനന്തര ബിരുദം)/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം എസ് ഡബ്ല്യു/എം എസ് സി/ ബി എഡ്/ പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിങ്ങ്/ എം ബി ബി എസ്/ ബി ഡി എസ്/ ഫാംഡി/ ബി എസ് സി നഴ്‌സിങ്ങ്/ പ്രൊഫഷണല്‍ പി ജി കോഴ്‌സുകള്‍/ പോളിടെക്‌നിക് ഡിപ്ലോമ/ടി ടി സി/ ബി ബി എ/ ഡിപ്ലോമ ഇന്‍ നഴ്‌സിങ്ങ്/ പാരാമെഡിക്കല്‍ കോഴ്‌സ്/ എം സി എ/ എം ബി എ/ പി ജി ഡി സി എ/ എഞ്ചിനീയറിങ്ങ് (ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍/ വെറ്ററിനറി/ ഹോമിയോ/ ബി ഫാം/ ആയുര്‍വേദം/ എല്‍ എല്‍ ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി ബി എം/ ഫിഷറീസ്/ ബി സി എ/ ബി എല്‍ ഐ എസ് സി/ എച്ച് ഡി സി ആന്റ് ബി എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സി എ ഇന്റര്‍മീഡിയറ്റ് മെഡിക്കല്‍ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് കോച്ചിങ്ങ്, സിവില്‍ സര്‍വീസ് കോച്ചിങ്ങ്് എന്നിവക്ക് പഠിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷം ഗ്രാന്റ് ലഭിച്ചവര്‍ പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഡിസംബര്‍ 20 നകം www.labourwelfarefund.in ല്‍ അപേക്ഷ സമര്‍പ്പിക്കണം.

ഡി സി എ പ്രവേശനം

സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ്/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org മുഖേന രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2702706, 9446680377, 9847237947, 9847537738.

താല്‍ക്കാലിക നിയമനം

നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 18 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 9400006493.

ഭരണാനുമതിയായി

പയ്യന്നൂര്‍ എം എല്‍ എ യുടെ പ്രതേ്യക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന് ഓപ്പണ്‍ ഓഡിറ്റോറിയം  നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍
തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യ ബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. പ്രായപരിധി 20നും 40 നും മദ്ധ്യേ. വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. അപേക്ഷ ഫോറം സാഫ് ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍: 7902502030, 8547439623, 9526239623, 0497 2732487.

വിജയോത്സവം നടത്തി

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ ഹയര്‍സെക്കണ്ടറി തുല്യത കോഴ്‌സ് വിജയികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചര്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത അധ്യക്ഷയായി. സാക്ഷരതാമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഷാജു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സതീശന്‍, ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറി എം ഉല്ലാസന്‍, നോഡല്‍ പ്രേരക് പി ഷീമ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ലൈഫ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ  മത്സ്യത്തൊഴിലാളി/മത്സ്യകര്‍ഷകരുടെ അഞ്ച് മുതല്‍ 10 പേരടങ്ങിയ ഗ്രൂപ്പുകള്‍, ഉള്‍നാടന്‍ മത്സ്യസഹകരണ സംഘങ്ങള്‍/മത്സ്യകര്‍ഷക സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്/അതത് മത്സ്യഭവനുകള്‍/ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 30നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.

ഗതാഗതം നിരോധിച്ചു

തലശ്ശേരി ഹോളോവേ റോഡില്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലേക്കുള്ള പ്രവേശന കവാടം മുതല്‍ പൊതുമരാമത്ത് കാര്യാലയത്തിലേക്കുള്ള പ്രവേശന കവാടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 14 മുതല്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ സമീപത്തുള്ള ദേശീയ പാത വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ്  സൈക്യാട്രി) മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ എം എ/ എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എ/എം എസ് സി ഡിഗ്രി ഇന്‍ അപ്ലൈഡ് സൈക്കോളജി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്‌ടോബര്‍ 21ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
അപേക്ഷകര്‍ വനിതകളായിരിക്കണം. പ്രദേശവാസികള്‍ക്കും കൗണ്‍സലിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായ പരിധി 30-40.

വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു

എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം.  ജാലി സമയം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് വരെ. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 20ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോണ്‍: 0497 2700267.

ഫലം പ്രസിദ്ധീകരിച്ചു

ഐഎച്ച്ആര്‍ഡി 2021 ജൂലൈ മാസത്തില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ) / ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിറ്റിഒഎ) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) / സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിസിഎല്‍ഐഎസ്) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡിസിഎഫ്എ) എന്നീ കോഴ്‌സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാകേന്ദ്രങ്ങളിലും ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 28 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ ഒന്ന് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. മാര്‍ച്ച്
2022-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ നവംബര്‍ 15 നുമുമ്പായും 200 രൂപ ലേറ്റ് ഫീയോടുകൂടി നവംബര്‍ 22 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേനസമര്‍പ്പിക്കണം.

ലോക കാഴ്ചദിനം ആചരിച്ചു

ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ദേശീയ  അന്ധത നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ മായ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. അന്ധത, കാഴ്ച വൈകല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പൊതു ജനശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. 'ലവ് യുവര്‍ ഐസ് 'എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനത്തിന്റെ സന്ദേശം. മരണാന്തരം കണ്ണുകള്‍ ദാനം ചെയ്ത കെ പി രാജന്റെ കുടുംബാംഗങ്ങളെ  ആദരിച്ചു. ഓഫ്താല്‍മോളജിസറ്റ്് ഡോ ശ്രീജ കണി ബോധവല്‍ക്കരണ ക്ലാസ് എടുത്തു.ആര്‍ എം ഓ ഡോ ജിതിന്‍, ഡെപ്യൂട്ടി സൂപ്ര് ഡോ.സന്തോഷ്, നഴ്‌സിംഗ് ഓഫീസര്‍ ജാന്‍സി ജോസഫ്, സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റ് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള  നേത്ര പരിശോധന പുനരാരംഭിക്കുന്നു

ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒപ്റ്റോമെട്രിസ്റ്റിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കായുള്ള സൗജന്യ  നേത്ര പരിശോധന പുനരാംഭിക്കുന്നതായി ദേശീയ അന്ധതാ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ മായ അറിയിച്ചു. കൊവിഡ് കാരണം വിദ്യാലയങ്ങള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ കുട്ടികളിലെ നേത്ര പരിശോധനകള്‍ മുടങ്ങിയിരുന്നു. കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ അവര്‍ക്ക് സ്വയം മനസ്സിലാക്കാനാവില്ല.  ലക്ഷണങ്ങളും കാണിക്കണമെന്നില്ല . അതുകൊണ്ടു രക്ഷിതാക്കള്‍ മുന്‍ കൈ എടുത്തു കുട്ടികളുടെ നേത്ര പരിശോധന നടത്തണം. ജനിച്ച് ആറ് മാസത്തിനുള്ളില്‍ കോങ്കണ്ണ് ഉള്ളതുപോലെ ശ്രദ്ധയില്‍ പെട്ടാല്‍ നേത്രവിദഗ്ധരെ കാണണമെന്നും പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ജില്ലാ അന്ധത നിയന്ത്രണ സമിതിയുടെ കീഴിലുള്ള  ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍,സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ , പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, വിഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ നേത്ര പരിശോധന ലഭ്യമാണ്.  8-10 വയസ്സിനുള്ളില്‍ കാഴ്ചയുമായി ബന്ധപെട്ടുള്ള  ബുദ്ധിമുട്ടുകള്‍ ചികില്‍സിച്ചാല്‍ ഭൂരിഭാഗ നേത്ര രോഗങ്ങളും സുഖപ്പെടുത്താം. സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായിക് അറിയിച്ചു .

സീറ്റൊഴിവ്

ഐ എച്ച് ആര്‍ ഡി പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്‌സ്, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 0460 2206050, 8547005048.

മിനിമം വേതനം: തെളിവെടുപ്പ് 18 ന്

പവ്വര്‍ ലൂം, ടൈല്‍ വ്യവസായം, ടാണറീസ് ആന്റ് ലെതര്‍ നിര്‍മ്മാണം, ടിഎംടി സ്റ്റാര്‍ ബാര്‍ നിര്‍മ്മാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം ഒക്ടോബര്‍ 18 ന് യഥാക്രമം രാവിലെ 10 മണി,11 മണി, 11.30, ഉച്ചക്ക് 12 മണി എന്നീ സമയങ്ങളില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ മേഖലകളില്‍ ജില്ലയിലുള്ള ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ഫിലാറ്റലി ദിനം ആചരിച്ചു

കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ ഫിലാറ്റലി ദിനം ആചരിച്ചു. ഫിലാറ്റലി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഫിലാറ്റലിസ്റ്റായ ശ്രീദീപ് ആണ് മത്സരം നിയന്ത്രിച്ചത്.  പയ്യന്നൂര്‍ ചാലക്കോട് സെന്റ് ലൂസി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഫിലാറ്റലി ക്ലാസ് സംഘടിപ്പിച്ചു.പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ കെ സുഷന ക്ലാസ്സ് എടുത്തു. വിജയികള്‍ക്ക് പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഡിവിഷനിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗുകളുടെ സമാഹരണവും തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസില്‍ മൈസ്റ്റാമ്പ് കൗണ്ടര്‍ സേവനവും സംഘടിപ്പിച്ചു

date