Skip to main content

ദുരന്തനിവാരണം; മണ്ഡലങ്ങളില്‍  മുന്നൊരുക്ക യോഗങ്ങള്‍ ചേര്‍ന്നു

 

ആലപ്പുഴ: ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിവിധ നിയോജക മണ്ഡലങ്ങളിലും താലൂക്കുകളിലും യോഗം ചേര്‍ന്നു.  ജനപ്രതിനിധികളും വകുപ്പുകളുടെ പ്രതിനിധികളും യോഗങ്ങളില്‍ പങ്കെടുത്തു.

അതത് മേഖലകളിലെ സാഹചര്യത്തിനനുസരിച്ച് നടത്തേണ്ട തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കി. 

ചെങ്ങന്നൂര്‍
- - - - - - 
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെങ്കിലും ജാഗ്രത തുടരണമെന്ന് മണ്ഡലതല യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു.

വേണ്ടത്ര ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമെന്ന് ഉറപ്പാക്കണം. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളും വൈദ്യ സഹായവും പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തണം. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ചെങ്ങന്നൂർ താലൂക്കിലേക്ക് അഞ്ച് മത്സ്യബന്ധന ബോട്ടുകൾ അനുവദിച്ചതയും യോഗത്തിൽ മന്ത്രി അറിയിച്ചു.

നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്, ആർ.ഡി.ഒ. റ്റിറ്റി ആനി ജോർജ്, തഹസിൽദാർ എം.ബിജുകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.

ആലപ്പുഴ
--------
മഴക്കെടുതി  നേരിടുന്നതിന് ആലപ്പുഴ മണ്ഡലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് 18  ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 

വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെയും അഗ്നിശമന സേനയെയും ചുമതലപ്പെടുത്തി. 

ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കണമെന്നും പൊതുജനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരോട് സഹകരിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.  

ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നഗരസഭാധ്യക്ഷ സൗമ്യാ രാജ്, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. ബിജുമോൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ടി.വി അജിത്ത് കുമാർ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദർശനഭായ്, ഡെപ്യൂട്ടി കളക്ടർ സന്തോഷ് കുമാർ, അമ്പലപ്പുഴ തഹസിൽദാർ പ്രീത പ്രതാപൻ, ഫയർ സ്റ്റേഷൻ ഓഫീസർ പി.ബി വേണുക്കുട്ടൻ, നഗരസഭ സെക്രട്ടറി ബി. നീതുലാൽ, ഹെൽത്ത് ഓഫീസർ കെ.പി വർഗീസ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് (ഒക്ടോബര്‍ 18) എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് - നഗരസഭാ തല യോഗം ചേരും.

അമ്പലപ്പുഴ
-----------
അമ്പലപ്പുഴ മണ്ഡലത്തില്‍ കിഴക്കന്‍ മേഖലയില്‍ മാത്രമാണ് വെള്ളപ്പൊക്ക സാധ്യത നിലവിലുള്ളത്. ഓരോ വില്ലേജ് പരിധിയിലും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എച്ച്. സലാം എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

ദേശീയപാതയോരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം. ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ വാട്ടർ അതോറിറ്റി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. 

മണ്ഡലത്തിൽ ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനായി 23 സ്കൂളുകൾ സജ്ജമാണ്. കുട്ടനാട്  മേഖലയില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടവര്‍ക്കായി എസ്.ഡി കോളേജ്, തിരുവമ്പാടി സ്കൂൾ തുടങ്ങിയവ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കാനായി ആലപ്പുഴ ടൗൺ ഹാളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ നഗരസഭാധ്യക്ഷ സൗമ്യ രാജ്, അമ്പലപ്പുഴ തഹസിൽദാർ പി.പ്രീത, ഡെപ്യൂട്ടി കളക്ടർ സന്തോഷ്‌ കുമാർ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അരൂര്‍
-----------
വെള്ളക്കെട്ട് പരിഹരിക്കാൻ  തോടുകളിലെയും മറ്റു ജലാശയങ്ങളിലെയും നീരൊഴുക്ക് സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദലീമ ജോജോ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി. 

മണ്ഡലത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള കെട്ടിടങ്ങള്‍ സജ്ജമാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 

എഴുപുന്ന പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തില്‍ എ.എം ആരിഫ് എം.പി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ, സെക്രട്ടറിമാര്‍, റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ചിത്രമുണ്ട്)

മാവേലിക്കര
---------------
നിലവിലെ സാഹചര്യത്തിൽ മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ആറ്റുവ പ്രദേശത്തെ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലതല യോഗം നിര്‍ദേശിച്ചു. 

ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം ഉറപ്പാക്കണം. നാശനഷ്ടങ്ങളുടെ കണക്ക് സമയബന്ധിതമായി ശേഖരിക്കുന്നതിനും ഒരാഴ്ച്ചയ്ക്കുള്ളില്‍ താലൂക്ക് ഓഫീസുകളില്‍ എത്തിക്കുന്നതിനും നടപടി സ്വീകരിക്കണം.  

മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ മാവേലിക്കര നഗരസഭാധ്യക്ഷൻ കെ. വി. ശ്രീകുമാർ, എ.ഡി.എം. ജെ മോബി, മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ്‌ കുമാർ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫിസർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഹരിപ്പാട്
----------
രമേശ് ചെന്നിത്തല എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുരന്തപ്രതിരോധ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ചെറുതന പെരുമാങ്കര പാലത്തിനടിയിൽ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ക്യാമ്പുകളിൽ വൈദ്യുതിയും അവശ്യ വസ്തുക്കളും ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതാശ്വസ ക്യാമ്പുകളില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. കാര്‍ഷിക മേഖലയിലെ നഷ്ടത്തിന്‍റെ കണക്ക് സമയബന്ധിതമായി ശേഖരിക്കുന്നതിന് കൃഷിവകുപ്പ് നടപടി സ്വീകരിക്കണം. പള്ളിപ്പാട്, വീയപുരം, ചെറുതന മേഖലകളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് എന്‍ജിന്‍ വള്ളങ്ങള്‍ സജ്ജമാക്കണം.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ. എ) എസ്. ശോഭ, തഹസീൽദാർ (ഇൻ ചാർജ്) കെ. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ്, യു. പ്രതിഭ എം.എൽ.എയുടെ പ്രതിനിധി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വില്ലേജ് ഓഫിസർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടനാട്
- - - - - -
തോമസ് കെ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ കുട്ടനാട് മണ്ഡലതല ദുരന്ത നിവാരണ മുന്നൊരുക്ക യോഗം ചേർന്നു. ജലനിരപ്പ് ഉയര്‍ന്ന മേഖലകളിലെ പാലിയേറ്റീവ് രോഗികളെ ആലപ്പുഴ ടൗൺഹാളിൽ സജ്ജമാക്കിയ ക്യാമ്പിലേക്ക് മാറ്റി തുടങ്ങിയതായി എംഎൽഎ അറിയിച്ചു.

ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ പ്രാദേശിക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുന്നതിന് നടപടി സ്വീകരിക്കും. അടിയന്തര സാഹചര്യത്തില്‍ കുട്ടനാട്ടില്‍ നിന്നുള്ളവരെ താമസിപ്പിക്കുന്നതിന് ആലപ്പുഴ എസ്.ഡി കോളേജും തിരുവമ്പാടി സ്കൂളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
                                            ചേര്‍ത്തല
---------
ചേർത്തല താലൂക്ക് തല യോഗം നഗരസഭാ ടൗൺഹാളിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ ) സുമീതൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്നു. അടിയന്തര സാഹചര്യം നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നിർദ്ദേശം നൽകി. 

കോടംതുരുത്ത്, തണ്ണീർമുക്കം, അരൂക്കുറ്റി പഞ്ചായത്തുകളിലെ തോടുകളുടെ ആഴം കൂട്ടുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. തുറവൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. 

വാര്‍ഡ് തലം വരെയുള്ള ജനകീയ കമ്മിറ്റികള്‍ അടിയന്തരമായി രൂപീകരിക്കും. താലൂക്കിലെ എല്ലാ പൊഴികളും ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയിയിട്ടുണ്ട്. 

ചേർത്തല നിയോജക മണ്ഡലതല യോഗം നാളെ(ഒക്ടോബര്‍ 19) കൃഷി മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയിൽ ചേരും. 

യോഗത്തിൽ ദലീമാ ജോജോ എം.എൽ.എ, നഗരസഭാധ്യക്ഷ ഷേർളി ഭാർഗ്ഗവൻ, കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി സി.എ അരുൺ കുമാർ, ചേർത്തല തഹസിൽദാർ ആർ. ഉഷ, ചേർത്തല ഡിവൈ.എസ്.പി ടി. ബി വിജയൻ, ഡെപ്യൂട്ടി തഹസിൽദാർ വി. ജെ ഗ്രേസി, പഞ്ചായത്ത്‌ പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

date