Skip to main content

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകൾ  തുടങ്ങും

ജില്ലയിൽ ആദിവാസി സാക്ഷരത ക്ലാസുകൾ നവംബർ ആദ്യവാരം മുതൽ തുടങ്ങാൻ ഒരുക്കങ്ങളായി. ഇതിന്റെ ഭാഗമായി  ജില്ലയിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പ്തലവന്‍മാരുടെയും  യോഗം ഒക്ടോബര്‍ 20ന് വൈകീട്ട് 4 ന് ഓണ്‍ലൈന്‍ ആയി ചേരും. അഡ്വ. ടി.സിദ്ധീഖ് എം.എല്‍.എ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്  മരക്കാര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഇ.വി.അനില്‍, ജില്ലാ സാക്ഷരത കോ ഓർഡിനേറ്റർ സ്വയനാസർ, ജില്ലയിലെ മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാർ, സെക്രട്ടറിമാർ,വകുപ്പ് തല അധ്യക്ഷന്മാർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാന സാക്ഷരതാ മിഷൻ നിർദ്ദേശമനുസരിച്ചും ജില്ലാ കളക്ടറുടെ അനുമതി പ്രകാരവുമാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. ജില്ലയിലെ  സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ക്ലാസുകള്‍ കോവിഡ് കാരണം മെയ് 6 മുതൽ നിര്‍ത്തിവെച്ചിരുന്നു. ഈ ക്ലാസുകള്‍ ജില്ലാകലക്ടറുടെ അനുമതി ലഭിച്ചതോടെ പുനരാരംഭിക്കാൻ നടപടിയായി.   26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി  24,472 നിരക്ഷരരായ ആദിവാസികളെയാണ് 2019 ൽ സർവ്വെയിലൂടെ കണ്ടെത്തിയത്.  8923 പുരുഷന്മാരും 15,549 സ്ത്രീകളെയുമാണ് ജില്ലയിലെ 2443 ആദിവാസി കോളനികളിൽ നടത്തിയ സർവ്വെയിലൂടെ കണ്ടെത്തിയത്. അതത് ആദിവാസി കോളനി /ഊരിൽ നിന്ന് 1223 ആദിവാസികളായ  ഇൻസ്ട്രക്ടർമാരെയും ഗ്രാമപഞ്ചായത്ത് കണ്ടെത്തി. 2021 ഫിബ്രവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 18, 872 പേരാണ് ക്ലാസിലെത്തിയത്. 927 ആദിവാസി ഇൻസ്ട്രക്ടർമാരാണ് ഇവർക്ക് ക്ലാസ് നടത്തി വന്നിരുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ടത്തിൽ 2017-18 ൽ 300 ആദിവാസി ഊരുകൾ തിരഞ്ഞെടുത്ത് 5458 നിരക്ഷരരെ കണ്ടെത്തിയിരുന്നു. ഇതിൽ 4865 ആദിവാസികൾ ക്ലാസിലെത്തുകയും  പരീക്ഷയെഴുതുകയും ചെയ്തു. 4309 പേരാണ് വിജയിച്ചത്. ശേഷം 2018 - 19 രണ്ടാം ഘട്ടത്തിൽ 200 ഊരുകളാണ് തിരഞ്ഞെടുത്ത്, 4324 നിരക്ഷരരെ കണ്ടെത്തി. 3487 പേർ ക്ലാസിലെത്തുകയും 3179 പേർ പരീക്ഷയെഴുതുകയും ചെയ്തു 2993 പേരാണ് വിജയിച്ചത്. ശേഷമാണ് സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതി ആരംഭിച്ചത്.

date