Skip to main content

മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി

കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2-3 ദിവസങ്ങളിൽ  ഇത് തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ  ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടെ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത ആഴ്ച തുലാവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ കരുതലും ജാഗ്രതയും തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിന്റെ പ്രളയ കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് വിളിച്ച് ആരായുകയും കേന്ദ്രത്തിന്റെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം ദലൈലാമയും ഐക്യാദാർഢ്യം അറിയിച്ച് സന്ദേശം നൽകി.  
ദേശിയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളും രണ്ട് ആർമി ടീമുകളും മൂന്ന് ഡി എസ് സി  ടീമുകളും എയർഫോഴ്‌സിന്റെ രണ്ടു ചോപ്പറുകളും നേവിയുടെ ഒരു ചോപ്പറും എൻജിനിയറിങ് ടാസ്‌ക്‌ഫോഴ്‌സും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.  
എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ആവശ്യാനുസരണം ദേശീയ സേനകളെയും വിന്യസിച്ചിട്ടുണ്ട്. മഴക്കെടുതികളിൽ മരിച്ചവർക്കുള്ള ധനസഹായം  എത്രയും പെട്ടെന്ന് കൈക്കൊള്ളാനുള്ള നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കൂടാതെ തകർന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് പൂർത്തീകരിച്ച്  എത്രയും പെട്ടന്ന് ധനസഹായം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കിടപ്പാടവും കൃഷിയും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ പ്രത്യേക ജാഗ്രത പാലിക്കണം. ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവർത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. പുറത്ത് നിന്ന് വരുന്നവർ ക്യാമ്പിലെ അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം. ക്യാമ്പുകളിൽ ആന്റിജൻ പരിശോധന നടത്താൻ പ്രത്യേക അനുമതി നൽകി. ക്യാമ്പുകളോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തും. കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗികൾ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവർ അടുത്ത് ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കണം. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾ   മാസ്‌ക് ധരിക്കണം. മലിനജലവുമായി സമ്പർക്കമുള്ളവർ ഉറപ്പായും ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പി.എൻ.എക്സ്. 3943/2021
 

date