Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട് : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

* ക്യാമ്പില്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധനയ്ക്കും വാക്‌സിനേഷനും സൗകര്യം

 

 ജില്ലയില്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ച ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ. എസ് ഷിനു അറിയിച്ചു.

 ക്യാമ്പില്‍ എത്തുന്നവര്‍ക്കുള്ള കോവിഡ് പരിശോധന അതാത് ക്യാമ്പുകളില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ എടുക്കാതെ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുവാനായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പുകളില്‍ എത്തി ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ആവശ്യമായവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. 

ക്യാമ്പുകളില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെയും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെയും നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളെയും മറ്റ് ആരോഗ്യശീലങ്ങളേയും സംബന്ധിച്ച് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്  ബോധവല്‍ക്കരണ സന്ദേശങ്ങളും നല്‍കിവരുന്നു. വെള്ളക്കെട്ടുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ക്യാമ്പുകളില്‍ നല്‍കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇതോടൊപ്പം ഡോക്‌സിസൈക്ലിന്‍ നല്‍കിവരുന്നു. ഭക്ഷണം തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ശുചിത്വം പാലിക്കുന്നുണ്ടെന്നും കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്നും  ഉറപ്പുവരുത്താനായി ജില്ലാ പരിശോധനാ സംഘം ക്യാമ്പില്‍ പരിശോധന നടത്തുന്നുണ്ട്.

 ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നവരും സന്നദ്ധസേവകരും ക്യാമ്പില്‍ കഴിയുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

date