Skip to main content

ജില്ലയിൽ മലയോര മേഖലയിലുൾപ്പെടെ മുന്നൊരുക്കം ശക്തമാക്കി

 

 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്  കോഴിക്കോട്
20.10.2021 8 pm

 

 എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു 

ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നൊരുക്കങ്ങൾ വിലയിരുത്തി.  

ശക്തമായ കാറ്റും മഴയും ഉണ്ടാക്കിയേക്കാവുന്ന ദുരന്തങ്ങളില്‍  നിന്നും രക്ഷ നേടുന്നതിനായി തിരുവമ്പാടി മണ്ഡലത്തില്‍ ലിന്റോ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു. കൊടിയത്തൂര്‍ പഞ്ചായത്തില്‍ ചീരാന്‍കുന്ന്, മങ്കുഴിപ്പാലം, മൈസൂര്‍മല, കാരശ്ശേരി പഞ്ചായത്തിലെ പൈക്കാടന്‍മല, കൊളക്കാടന്‍മല, തോട്ടക്കാട്, ഊരാളികുന്ന്, കോടഞ്ചേരി പഞ്ചായത്തിലെ മരുതിലാവ്, ചിപ്പിലിത്തോട്, വേണ്ടേക്കുംപൊയില്‍, നൂറാംതോട്, തേവര്‍മല, കാതോട്മല, പൂവത്തിന്‍ചുവട്, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, കരിമ്പ്, കൂടരഞ്ഞി, പഞ്ചായത്തിലെ പുന്നക്കടവ്, ആനക്കല്ലുംപാറ, കക്കാടംപൊയില്‍, കല്‍പ്പിനി, ആനയോട്, ഉദയഗിരി, പനക്കച്ചാല്‍, കൂമ്പാറ, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്, മണല്‍വയല്‍, കാക്കവയല്‍ തുടങ്ങി 25 ഓളം പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതായി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങളില്‍ അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സെന്റ് തോമസ് എച്ച്എസ് തോട്ടുമുക്കം, ഫാത്തിമാമാതാ എല്‍.പി സ്‌കൂള്‍ തേക്കുംകുറ്റി, ഐ.എച്ച്.ആര്‍.ഡി കോളേജ് തോട്ടക്കാട്, ജി.എച്ച്.എസ്.എസ് പുതുപ്പാടി, സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ മൈലള്ളാംപാറ, എം.ജി.എം ഹൈസ്‌കൂള്‍ ഈങ്ങാപ്പുഴ, ജി.യു.പി.സ്‌കൂള്‍ ചെമ്പുകടവ്, എ.എല്‍.പി. സ്‌കൂള്‍ നൂറാംതോട്, മഞ്ഞുവയല്‍ എല്‍.പി സ്‌കൂള്‍, മുത്തപ്പന്‍പുഴ എല്‍.പി സ്‌കൂള്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് കൂടരഞ്ഞി, ഫാത്തിമാബി എച്ച്.എസ്.എസ് കൂമ്പാറ, ജി.എല്‍.പി.എസ് കക്കാടംപൊയില്‍ എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ ഒരുക്കിയിട്ടുള്ളത്. പോലീസ്, അഗ്നിശമന സേന, റവന്യു, തദ്ദേശ ഭരണ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിനും പൊതു അറിയിപ്പ് നല്‍കുന്നതിനും ക്യാമ്പുകള്‍ സജ്ജമാക്കി നിര്‍ത്തുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ കോഴിക്കോട്, താമരശ്ശേരി തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപന മേധാവികള്‍, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

താമരശ്ശേരി താലൂക്കില്‍ മഴക്കെടുതി നേരിടുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി തഹസില്‍ദാര്‍ സി സുബൈറിന്റെ അധ്യക്ഷതയില്‍ വില്ലേജുകളുടെ ചുമതലയുള്ള ചാര്‍ജ്ജ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള സ്‌കൂളുകളും കെട്ടിടങ്ങളും തെരഞ്ഞെടുക്കുന്നതിന് വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ക്യാമ്പ് ആരംഭിച്ചാല്‍ ഇതിനുള്ള ക്യാമ്പ് മാനേജര്‍മാരെയും തീരുമാനിച്ചു. 
കോടഞ്ചേരി, കൂടരഞ്ഞി, കാന്തലാട്, കട്ടിപ്പാറ, തിരുവമ്പാടി, പുതുപ്പാടി, പനങ്ങാട്, കൂടത്തായി, ശിവപുരം, നെല്ലിപ്പൊയില്‍ തുടങ്ങിയ വില്ലേജുകളടക്കമുള്ളവയില്‍ അപകടഭീഷണിയുള്ള 31 സ്ഥലങ്ങള്‍ കണ്ടെത്തുകയും ഇവിടങ്ങളില്‍ ഏത് സമയവും ക്യാമ്പ് ആരംഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറിതാമസിക്കേണ്ടതിന്റെയടക്കം കാര്യങ്ങള്‍ വില്ലേജ് ഓഫീസര്‍മാരടക്കമുള്ളവര്‍ നേരിട്ടെത്തി ധരിപ്പിച്ചു. തിരുവമ്പാടി വില്ലേജിലെ മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളില്‍ ക്യാമ്പ് ആരംഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. മുത്തപ്പന്‍പുഴ അംബേദ്കര്‍ കോളനിയില്‍ നിന്നടക്കം 14 കുടുംബങ്ങളോട് ഇവിടേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം വാര്‍ഡ് മെമ്പര്‍മാരടക്കമുള്ളവര്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവുമൊരുക്കി. 

ബുധനാഴ്ച മൂന്നരയോടെ പെയ്ത കനത്ത മഴയില്‍ തിരുവമ്പാടി ടൗണില്‍ കുരിശുപള്ളിക്ക് സമീപത്ത് റോഡില്‍ വെള്ളം കയറി. മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായപ്പോള്‍ വെള്ളം ഇറങ്ങുകയും ചെയ്തിട്ടുണ്ട്.

മുക്കം നഗരസഭയോട് ചേർന്ന്കിടക്കുന്ന  പഞ്ചായത്തിലെ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ  ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അറിയിച്ചു.

 മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ കോൺഫറൻസ് ഹാളിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, പോലീസ് അധികാരികൾ, വില്ലേജ് ഓഫീസർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.

പുൽപ്പറമ്പ്, അഗസ്ത്യമുഴി, തോട്ടത്തിൻ കടവ് പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും   സന്നദ്ധസേന വിഭാഗത്തിന്റെയും  യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. നഗരസഭയിൽ കൺട്രോൾ റൂം ആരംഭിച്ചു.  നമ്പർ -8547606199, 8113929188.

കൊയിലാണ്ടി താലൂക്കിലെ ദുരന്ത സാധ്യതയുള്ള പ്രദേശമായ കൂരാച്ചുണ്ട് വില്ലേജിലെ പത്ത് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ  കൊയിലാണ്ടി താലൂക്കിലും  സ്വീകരിച്ചതായി തഹസിൽദാർ സി.പി മണി അറിയിച്ചു. 
വടകര താലൂക്കിൽഅടിയന്തര സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട് .മലയോര മേഖലകളിൽ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്നിലവിൽ ക്യാമ്പുകളൊന്നും വടകര താലൂക്കിൽ ഇല്ലെന്ന് തഹസിൽദാർ ആഷിഖ് തോട്ടൻ അറിയിച്ചു.

date