Skip to main content

യുവജനങ്ങൾക്കും ക്ലബ്ബുകൾക്കും  പുരസ്‌ക്കാരം; അപേക്ഷിക്കാം

 

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരത്തിനും മികച്ച യൂത്ത് ക്ലബ്ബുകൾക്ക് നൽകുന്ന അവാർഡിനും  അപേക്ഷ ക്ഷണിച്ചു. 

വ്യക്തിഗത അവാർഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹിക പ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേർക്കാണ് അവാർഡ് നൽകുക. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദേശം ചെയ്യുകയോ ചെയ്യാം. അപേക്ഷകരുടെ പ്രവർത്തനങ്ങളെ അതത് മേഖലയിലെ വിദഗ്ധരുൾപ്പെടുന്ന ജൂറി

വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുക. അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. 

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകളെയാണ് അവാർഡിനായി   പരിഗണിക്കുക. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. ജില്ലാതലത്തിൽ അവാർസ് നേടിയ ക്ലബ്ബുകളെ സംസ്ഥാനതല അവാർഡിനായി പരിഗണിക്കും. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും. നവംബർ അഞ്ചിനകം അപേക്ഷിക്കണം. മാർഗനിർദേശങ്ങളും അപേക്ഷ ഫോമും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ: 0481-2561105 , 9497736356

 

date