Skip to main content

ഇ ശ്രം പോര്‍ട്ടൽ രജിസ്ട്രേഷന്‍ ഊര്‍ജിതമായി പൂര്‍ത്തിയാക്കണം- ജില്ലാ കലക്ടര്‍

 

 

 

രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ഊര്‍ജിതമായി 2021 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഇ ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ജില്ലാതല കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. 

ഇ.പി.എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇ ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ മെഗാ ക്യാമ്പായി നടത്തണമെന്നും അതിന് പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും കലക്ടർ നിർദേശിച്ചു.
മെഗാ ക്യാമ്പിന് പുറമെ പോസ്റ്റ് ഓഫീസ് മുഖേനയും തൊഴിലാളി യൂണിയനുകള്‍ മുന്‍കൈ എടുത്തും രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനും  വെബ്സൈറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കരിക്കാനും  നിര്‍ദ്ദേശം നല്‍കി.
 
സ്വന്തമായി പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യുകയോ അടുത്തുള്ള അക്ഷയ, സി.എസ്.സി കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്തുകയോ ചെയ്യാവുന്നതാണ്. regtsier.eshram.gov.in എന്ന പോര്‍ട്ടലിലാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയുണ്ടെങ്കില്‍ ഒ.ടി.പി വെരിഫിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് അടുത്തുള്ള അക്ഷയ,സി.എസ്.സി കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് വെരിഫിക്കേഷന്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്താം.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷന്‍ ബാധിക്കില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്ക് ഇ ശ്രം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും.

കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, പത്ര ഏജന്റുമാര്‍, ബീഡിത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തടിപ്പണിക്കാര്‍ മുതലായ എല്ലാ വിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്കും ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വി.പി ശിവരാമന്‍, ജില്ലാ ഇന്‍ഫോർമാറ്റിക്‌സ് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.നവീന്‍, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ, കോമണ്‍ സര്‍വ്വീസ് സെന്റര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നികേഷ് വിക്രം, എം.എന്‍.ആര്‍.ഇ.ജി.എസ് ജെ.പി.സി മുഹമ്മദ് ജഹാന്‍, വിവിധ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date